വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശികൾ
കോയമ്പത്തൂർ: പൊള്ളാച്ചി വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് മലയാളികളായ ഒമ്പതുപേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരു കുട്ടിയുമാണ്.
വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ ഇന്ന് വൈകീട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് വിനോദയാത്രക്കുപോയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടത്. മലപ്പുറം വളാഞ്ചേരിക്കു സമീപം പാങ്ങ് പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് അധ്യാപക സംഘം വാല്‍പ്പാറയിലേക്ക് തിരിച്ചത്. ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ വഴിയാണ് വാല്‍പ്പാറയിലെത്തിയത്. വാല്‍പ്പാറയിലെ കാഴ്ചകള്‍ കണ്ടശേഷം മടങ്ങി വരുമ്പോള്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം സംഭവിച്ചത്. 13ാം വളവില്‍വെച്ച് നിയന്ത്രണം വീട്ട വാഹനം താഴ്ചയിലെക്ക് മറിഞ്ഞ് ഒമ്പതാം വളവിലെ റോഡിലേക്ക് പതിക്കുകയായിരുന്നു. മുന്നൂറടി താഴ്ചയിലേക്ക് വീണ വാഹനം പൂര്‍ണമായി തകര്‍ന്നു.
വിജനമായ വനപ്രദേശത്ത് ഉല്ലാസയാത്ര പോകുന്നവരാണ് അപകടം വിവരം ആദ്യം അറിയുന്നത്. ഇവരാണ് വിവരം മലക്കപ്പാറ പൊലീസിലും ഷോളയാര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും അറിയിച്ചത്. നാട്ടുകാരുടെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഏഴ് സ്ത്രീകളും ഒരു അധ്യാപകനും മരിച്ചു.
ആശുപത്രിയില്‍ എത്തിയ ശേഷമാണ് ഒരു കുട്ടി മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ മികച്ച ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്പാറ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.
അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്.
ഡ്രൈവറടക്കം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. പൂർണമായി വനത്തിലൂടെയുള്ള പാതയിലെ ചുരത്തിൽ വ്യൂ പോയിന്റുകളടക്കമുണ്ട്. ചാലക്കുടി -അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്. പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.





