കനത്ത ചൂടിൽ രാത്രിയിൽ അപ്രഖ്യാപിത പവർ കട്ട്; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
കോഴിക്കോട്: സംസ്ഥാനത്തെ അപ്രഖ്യാപിത പവർ കട്ടിൽ വ്യാപക പ്രതിഷേധം. പാലക്കാട് നെന്മാറ, കാസർക്കോട് ചെർക്കള എന്നിവിടങ്ങളിലെ കെഎസ്ഇബി ഓഫീസുകളിൽ രാത്രിയിലാണ് പ്രതിഷേധം നടന്നത്. ഒരു ദിവസം രണ്ട് തവണകളിലായി വൈദ്യൂതി നിയന്ത്രണം ഏർപെടുത്താൻ നിർദേശമുള്ളതായി കെഎസ്ഇബി ജീവനക്കാർ പ്രതിഷേധത്തിനിടെ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രാത്രി സമയങ്ങളിൽ വൈദ്യുത നിയന്ത്രണം വ്യാപകമായതോടെയാണ് പ്രതിഷേധങ്ങളും കനത്തത്. കാസർകോട് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പെർക്കള കെഎസ്ഇബി ഓഫീസിൽ കിടപ്പുസമരം നടത്തി. രാത്രി 12 മണിയോടെയാരുന്നു പ്രതിഷേധം. 2 മണിയോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. പാലക്കാട് നെന്മാറ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. ചൂട് കൂടിയതോടെ രാത്രികാലങ്ങളിലെ അപ്രഖ്യാപിത പവർകട്ട് ജനങ്ങൾക്ക് ഏറെ ദുരിതമാവുകയാണ്.





