എസി വാങ്ങി നൽകാത്തതിൽ ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി
ചെന്നൈ: ഭര്‍ത്താവ് എയർ കണ്ടീഷണർ (എസി) വാങ്ങി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട് തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കടുത്ത ചൂടിനെ തുടർന്ന് എസി വാങ്ങി നൽകണമെന്ന് യുവതി ഭർത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആകാശ് ഇത് നിരസിച്ചു. ഇതില്‍ മനംനൊന്താണ് മരണം. ആകാശും കുടുംബത്തിലെ ബാക്കിയുള്ളവരും ചൂട് കാരണം വീടിൻ്റെ ടെറസില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് യുവതി കിടപ്പുമുറിയില്‍ ജീവനൊടുക്കിത്. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നുവെന്നും ആകാശ് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. തിരുവള്ളൂരിലെ ഒരു സ്വകാര്യ തുണിക്കടയിൽ ജോലി ചെയ്യുകയാണ് ആകാശ്. മരണത്തിൽ സംശയം ഉണ്ടെന്നാണ് മോണിക്കയുടെ വീട്ടുകാരുടെ ആരോപണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുല്ലാരമ്പാക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)





