ഐപിഎൽ സുരക്ഷയിൽ വൻ അട്ടിമറി: കളിക്കിടയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 ക്യാമറകൾ തകർത്തത് എന്തിന് ?
ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കരാറെടുത്ത കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ കലാം (19) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 26-ന് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മതിയായ പാസുകളില്ലാതെ സെക്യൂരിറ്റി കൺട്രോൾ റൂമിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഡിജിറ്റൽ സംവിധാനങ്ങൾ അടിച്ചുതകർക്കുകയായിരുന്നു. നെറ്റ്‌വർക്ക് വിഡിയോ റെക്കോർഡറുകൾ, ഫൈബർ കേബിളുകൾ എന്നിവ മനഃപൂർവം നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ഇതോടെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലെയും ദൃശ്യങ്ങൾ പോലീസിന് ലഭ്യമാകാതെ വന്നു. ആയിരക്കണക്കിന് ആരാധകരും വിഐപി പവിലിയനിൽ പ്രമുഖരും ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു അട്ടിമറി നടന്നത് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ‘സ്റ്റാക് ടെക്നോളജീസ്’ ഉദ്യോഗസ്ഥൻ ആദിത്യ ഭട്ട് നൽകിയ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ കൺട്രോൾ റൂമിൽ കയറുന്നതും നാശനഷ്ടങ്ങൾ വരുത്തുന്നതും കണ്ടെത്തി. തങ്ങൾക്ക് ലഭിക്കാനുള്ള 10 ലക്ഷം രൂപയുടെ ശമ്പള കുടിശ്ശിക നൽകാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തിന് പിന്നിൽ. പണം നൽകാത്തതിൽ കമ്പനിയോടുള്ള ദേഷ്യം തീർക്കാൻ സ്റ്റേഡിയത്തിന്റെ സുരക്ഷ വെച്ച് കളിച്ച പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പിന്നിൽ വേറെന്തെങ്കിലും അട്ടിമറി ലക്ഷ്യമുണ്ടോ എന്നതടക്കമുള്ള അന്വേഷണം നടക്കുകയാണ്.





