മണിപ്പൂരിൽ 58,881 പേർ കുടിയിറക്കപ്പെട്ടു, 10,000 വീടുകൾ തകർന്നു: 2023 മുതലുള്ള കണക്കുകൾ പുറത്ത്
ഇംഫാൽ: മണിപ്പൂരിൽ മൂന്ന് വർഷമായി തുടരുന്ന കലാപത്തിൽ 2023 മുതൽ 58881 പേർ കുടിയിറക്കപ്പെട്ടതായും 10000 വീടുകൾ തകർന്നതായും വിവരാവകാശ രേഖ. മെയ്തേയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർഷങ്ങളായി ഇവിടെ തുടരുകയാണ്. മറ്റ് ഗോത്രവിഭാഗങ്ങളിലേക്കും അക്രമങ്ങൾ പടർന്നിട്ടുണ്ട്. കലാപത്തിൽ 217 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ ഗോത്രങ്ങൾ തമ്മിലുള്ള അക്രമത്തിൽ കുടിയിറക്കപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ തേടി മണിപ്പൂരിലെ കോൺഗ്രസ് നേതാവ് ഹരേശ്വർ ഗോസ്വാമി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച വിവരാവകാശത്തിനുള്ള മറുപടി തിങ്കളാഴ്ചയാണ് സർക്കാർ നൽകിയത്.2023 മെയ് മൂന്നുമുതൽ പൂർണമായും ഭാഗികമായും നശിച്ച വീടുകളുടെ ആകെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 7894 വീടുകൾ പൂർണമായി തകർന്നിട്ടുണ്ടെന്നും 2646 വീടുകൾ ഭാഗികമായി തകർന്നതായും രേഖയിൽ പറയുന്നു. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ബന്ധുക്കൾക്ക് നൽകിയ നഷ്ടപരിഹാര കണക്കുകൾ പ്രകാരം മരണങ്ങളുടെ എണ്ണം 217 ആണെന്നാണ് സർക്കാർ വ്യക്തമാക്കിയിരികുന്നത്. കലാപത്തിൽ ഇതുവരെ 260ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള സർക്കാരിന്റെ മറുപടിയിൽ നഷ്ടപരിഹാരം നൽകിയ മരണങ്ങളെക്കുറിച്ച് മാത്രമേ പരാമർശിക്കുന്നുള്ളൂ. ഈ വർഷം മാർച്ച് 10 വരെ സംസ്ഥാനത്ത് ആകെ 174 ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായിരുന്നുവെന്നും മണിപ്പൂർ പൊലീസ് ഹൗസിങ് കോർപ്പറേഷൻ 3000 പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമിച്ചുവെന്നും സർക്കാർ കൂട്ടിച്ചേർക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിനുള്ള പ്രത്യേക സഹായമായി ആകെ 424.36 കോടി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും അതിൽ 217.4 കോടി നൽകിക്കഴിഞ്ഞെന്നുമാണ് സർക്കാർ വാദം. അതേസമയം മണിപ്പൂരിൽ മൂന്ന് വർഷമായി തുടരുന്ന കലാപം ഇല്ലാതാക്കാൻ സര്‍ക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസവും സംസ്ഥാനത്ത് നിരവധി ആക്രമണങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ പലയിടങ്ങളിലും കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. 2023 മേയിലാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. അന്ന് ബി.ജെ.പിയുടെ ബിരേൻ സിങ് ആയിരുന്നു മുഖ്യമന്ത്രി. പിന്നീട് 2025 ഫെബ്രുവരിയിൽ ഇദ്ദേഹം രാജിവെച്ചശേഷം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട് കലാപം പൂർണമായി അവസാനിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തിയിരുന്നു. 2026 ഫെബ്രുവരിയിൽ എൻ.ഡി.എ നേതൃത്വതിലുള്ള പുതിയ സർക്കാർ മണിപ്പൂരിൽ അധികാരമേൽക്കുകയും ചെയ്തു. യുംനം ഖെംചന്ദ് സിങ് നിലവിൽ മുഖ്യമന്ത്രി. എന്നാൽ കലാപം അവസാനിപ്പിക്കാൻ പുതിയ സർക്കാരിനും ആവുന്നില്ലെന്ന വിമർശനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്.





