വാഷിങ് മെഷീൻ നിങ്ങളെ രോഗിയാക്കുന്നുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാം…
വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വാഷിങ് മെഷീൻ എപ്പോഴും വൃത്തിയുള്ളതായിരിക്കുമെന്നാണ് നമ്മുടെയെല്ലാം ധാരണ. വസ്ത്രങ്ങൾ മെഷീന് ഉള്ളിലിടുന്നു, സ്വിച്ച് ഇടുന്നു, ഒടുവിൽ അലക്കി ഉണക്കിയെടുത്ത തുണികൾ പുറത്തെടുക്കുന്നു. ഇത്രയേ നമ്മൾ ശ്രദ്ധിക്കാറുള്ളൂ. എന്നാൽ മാസങ്ങളോളം വൃത്തിയാക്കാത്ത മെഷീന്റെ റബ്ബർ സീലിനടിയിലോ ഡിറ്റർജന്റ് ഡ്രോയറിലോ ഒന്ന് വിരലോടിച്ചു നോക്കിയിട്ടുണ്ടോ? അവിടെ കാണുന്ന തവിട്ടുനിറത്തിലുള്ള അഴുക്കും കറുത്ത പാടുകളും നിങ്ങളുടെ മെഷീനുള്ളിൽ ഒരു കുഞ്ഞു ‘ബാക്ടീരിയ ലോകം’ വളരുന്നുണ്ടെന്നതിന്റെ തെളിവാണ്.പുറമെ നിന്ന് നോക്കിയാൽ മെഷീൻ തിളങ്ങുന്നുണ്ടാകാം, വസ്ത്രങ്ങൾക്കും നല്ല മണമുണ്ടാകാം. അതുകൊണ്ട് തന്നെ ഉള്ളിലെ ഈ അപകടം നമ്മൾ തിരിച്ചറിയാറില്ല. മെഷീന്റെ ഉൾഭാഗം കൃത്യമായി പരിപാലിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.പഠനങ്ങൾ പറയുന്നത് ഇങ്ങനെ…’ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി’ (Frontiers in Microbiology) നടത്തിയ പഠനപ്രകാരം, സാധാരണ അലക്കൽ രീതികളിൽ പല ബാക്ടീരിയകളും ഫംഗസുകളും നശിക്കുന്നില്ല. നമ്മൾ അധികവും തണുത്ത വെള്ളത്തിൽ അലക്കുന്നതും, അലക്കി കഴിഞ്ഞാലുടൻ മെഷീന്റെ വാതിൽ അടച്ചിടുന്നതും ഈ സൂക്ഷ്മാണുക്കൾക്ക് വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നു. ഡ്രമ്മിനുള്ളിലെ ഈർപ്പമുള്ള വായുവിൽ ഇവ സുഖമായി വളരുകയും, അടുത്ത തവണ അലക്കുമ്പോൾ വസ്ത്രങ്ങളിലേക്ക് പകരുകയും ചെയ്യുന്നു.വാഷിങ് മെഷീൻ ബാക്ടീരിയകളുടെ താവളമോ?നമ്മുടെ വസ്ത്രങ്ങളിലെ വിയർപ്പ്, മൃതകോശങ്ങൾ, അഴുക്ക്, സോപ്പുപൊടിയുടെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം ആ വെള്ളത്തിൽ കലരുന്നു. അലക്കൽ കഴിയുമ്പോൾ, ഈ അഴുക്കു കലർന്ന വെള്ളത്തിന്റെ ഒരു ഭാഗം മെഷീന്റെ ഉൾഭാഗങ്ങളിൽ പറ്റിപ്പിടിക്കുന്നു. പ്രത്യേകിച്ചും മെഷീന്റെ റബ്ബർ സീലുകളിലും ഡ്രമ്മിലും ഇവ അടിഞ്ഞുകൂടുന്നു. ഇത് പൂർണ്ണമായും ഉണങ്ങുന്നുമില്ല, എന്നാൽ അതിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ പാകത്തിന് നനവ് ഇല്ലാതാകുന്നുമില്ല. അടുത്ത തവണ അലക്കുമ്പോൾ വീണ്ടും കുറച്ചുകൂടി അഴുക്ക് ഇതിലേക്ക് വന്നു ചേരുന്നു. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ, മെഷീനുള്ളിൽ അഴുക്കിന്റെ ഒരു പാളി തന്നെ രൂപപ്പെടുകയും അവിടെ ബാക്ടീരിയകളും മറ്റും വളരുകയും ചെയ്യും. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇവ വേഗത്തിൽ വളരുകയും വസ്ത്രങ്ങളിലേക്ക് പകരുകയും ചെയ്യുന്നു. സാധാരണഗതിയിൽ ഇത് നിങ്ങളെ വലിയ രീതിയിൽ രോഗികളാക്കില്ല. പക്ഷേ, നിങ്ങൾക്ക് എക്സിമ പോലുള്ള ചർമ്മരോഗങ്ങളോ, ചെറിയ മുറിവുകളോ, സെൻസിറ്റീവ് ചർമ്മമോ ഉണ്ടെങ്കിൽ ഇത് അസ്വസ്ഥതകൾ വർധിപ്പിക്കാൻ കാരണമാകും. കൂടാതെ, വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞാലും അവയിൽ നിന്ന് മാറാത്ത ഒരുതരം വല്ലാത്ത മണം വരാനും ഇത് കാരണമാകും. എന്നുകരുതി ഭയപ്പെടേണ്ടതില്ല. വാഷിങ് മെഷീന്‍ ഉപയോഗിക്കുന്ന സമയത്ത് ഈ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി.മെഷീൻ വൃത്തിയായി സൂക്ഷിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം… റബ്ബർ സീലും ഡ്രമ്മും വൃത്തിയാക്കുകവാഷിങ് മെഷീന്റെ വാതിലിനോട് ചേർന്നുള്ള റബ്ബർ സീലിനടിയിലാണ് ഏറ്റവും കൂടുതൽ അഴുക്കും പൂപ്പലും കാണപ്പെടുന്നത്. ഇടയ്ക്കിടെ നേർപ്പിച്ച വിനാഗിരിയോ ക്ലീനറോ ഉപയോഗിച്ച് ഈ ഭാഗം തുടച്ചു വൃത്തിയാക്കണം. കൂടാതെ, അലക്കൽ കഴിഞ്ഞാലുടൻ മെഷീന്റെ വാതിൽ അടയ്ക്കാതെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തുറന്നിടുക. കുറച്ചുനേരം തുറന്നിടുന്നത് ഉള്ളിലെ ഈർപ്പം ഉണങ്ങാനും പൂപ്പൽ വളരുന്നത് തടയാനും സഹായിക്കും.മാസത്തിലൊരിക്കൽ ‘ഹോട്ട് വാഷ്’പണം ലാഭിക്കുന്നതിനും തുണിത്തരങ്ങൾ പരിപാലിക്കുന്നതിനും നമ്മൾ എപ്പോഴും കോൾഡ് വാഷാണ് തെരഞ്ഞെടുക്കാറ്. എന്നാൽ ഇത് സൂക്ഷ്മാണുക്കൾക്ക് പെറ്റുപെരുകാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. മാസത്തിലൊരിക്കലെങ്കിലും വസ്ത്രങ്ങളില്ലാതെ മെഷീൻ ‘ഹോട്ട് സൈക്കിളിൽ’ പ്രവർത്തിപ്പിക്കുക. ഉയർന്ന താപനിലയിലുള്ള വെള്ളം ഉള്ളിലെ അദൃശ്യമായ ബാക്ടീരിയകളെയും അടിഞ്ഞുകൂടിയ അഴുക്കിനെയും ഇല്ലാതാക്കാൻ സഹായിക്കും. ടവലുകളും ബെഡ്ഷീറ്റുകളും ഇടയ്ക്കിടെ ഹോട്ട് വാഷ് ചെയ്യാവുന്നതാണ്. ധരിക്കുന്ന വസ്ത്രങ്ങളേക്കാള്‍ കൂടുതൽ വിയർപ്പും എണ്ണയും അഴുക്കുമെല്ലാം ഇതിലായിരിക്കും അടങ്ങിയിട്ടുണ്ടാകുക.ഡിറ്റർജന്റ് ഡ്രോയറും ഫിൽട്ടറും മറക്കരുത്മെഷീനില്‍ നിന്ന് ദുർഗന്ധം വമിക്കുകയോ ശരിയായി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ലെങ്കിലോ മാത്രമാണ് ഈ രണ്ട് ഭാഗങ്ങളും നാം ശ്രദ്ധിക്കുന്നത്. നാം ഡിറ്റർജന്റ് ഒഴിക്കുന്ന ഡ്രോയറിനുള്ളിൽ കട്ടിപിടിച്ചിരിക്കുന്ന സോപ്പ് അവശിഷ്ടങ്ങൾ പൂപ്പലുകൾക്ക് വളരാൻ നല്ലൊരു ഇടമാണ്. ഇത് ഇടയ്ക്കിടെ പുറത്തെടുത്ത് ചൂടുവെള്ളത്തിൽ കഴുകുക. ഡ്രോയർ ഇരിക്കുന്ന സ്ലോട്ടിനുള്ളിലും തുടയ്ക്കുക.അതുപോലെ മെഷീന്റെ താഴെയുള്ള ഫിൽട്ടറും മാസത്തിലൊരിക്കൽ വൃത്തിയാക്കണം. കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാകാനും സൂക്ഷ്മാണുക്കൾ വളരാനും കാരണമാകും. കൂടാതെ വസ്ത്രങ്ങളുടെ പോക്കറ്റിനുള്ളില്‍ നിന്ന് വീഴുന്ന ചെറിയ സാധനങ്ങള്‍,ടിഷ്യു തുടങ്ങിയവയെല്ലാം വീണ് ഈ ഭാഗം അടഞ്ഞുപോകാനും ഇടയുണ്ട്. ഇതുവഴി അധിക വെള്ളം മെഷീനിൽ തങ്ങിനിൽക്കുകയും സൂക്ഷ്മാണുക്കള്‍ വളരുകയും ചെയ്യും.ചുരുക്കത്തിൽ, പുറമെ കാണുന്ന തിളക്കത്തേക്കാൾ ഉപരിയായി വാഷിങ് മെഷീന്റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ അനിവാര്യമാണ്.





