ലോകകപ്പിൽ കൊറിയൻ കംബാക്; ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ചത് 2-1ന്
ഗ്വാഡലഹാറ: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ദക്ഷിണകൊറിയക്ക് വിജയത്തുടക്കം. എസ്റ്റാഡിയോ അക്രോണിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷമാണ് കൊറിയയുടെ ജയം. ഹ്വാങ് ഇംബിയോം, ഹ്യോങ് ഗ്യു ഓഹ് എന്നിവർ കൊറിയക്കായും ലാഡിസ്ലാവ് ക്രെയ്ച്ചി ചെക്കിയക്കായും ഗോൾ നേടി.തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയത് ദക്ഷിണ കൊറിയയാണ്. എന്നാൽ ആദ്യ പകുതി ഗോൾരഹിതമായി തന്നെ നിന്നു. സൂപ്പർ താരം ഹ്വങ് മിൻ സണിന് ആദ്യ പകുതിയിൽ അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ചെക്ക് റിപ്പബ്ലിക്കായിരുന്നു. വ്‌ലാദിമിർ സൗഫാലിന്റെ ലോങ്ങ് ത്രോയിൽ നിന്ന് നായകൾ ലാഡിസ്ലാവ് ക്രെയ്ച്ചിയാണ്(59) ഓപ്പണിങ് ഗോൾ നേടിയത്. എന്നാൽ 67ാം മിനിറ്റിൽ കൊറിയ ഒരു ഗോൾ മടക്കി. കാങ് ഇൻ ലീയുടെ പാസിൽ ഹ്വാങ് ഇംബിയോമാണ് സമനില ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനിൽക്കെ ഹ്യോങ് ഗ്യു ഓഹ്(80) വിജയമുറപ്പിച്ച ഏഷ്യൻ ടീമിന്റെ നിർണായക ഗോൾ കണ്ടെത്തി. ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ ഹ്വാങ് ഇംബിയോമാണ് കളിയിലെ താരം. ജൂൺ 25ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് കൊറിയയുടെ അടുത്ത മത്സരം. ചെക്ക് റിപ്പബ്ലിക്കിന് മെക്‌സിക്കോയാണ് എതിരാളി.





