കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; ആറ് പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മെഡിക്കൽ കോളജ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആറ് പേർക്കെതിരെ ഏലത്തൂർ പൊലീസ് കേസെടുത്തു.
അനിൽകുമാറും കുടുംബവും കാറിൽ വേങ്ങേരിയിലേക്ക് യാത്ര ചെയ്യവേയാണ് ആക്രമണം. ചെറുകുളത്ത് വെച്ച് എതിരെ മറ്റൊരു വാഹനം വന്നപ്പോഴുണ്ടായ ബ്ലോക്കിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. ബ്ലോക്കിൽ നിന്നൊഴിവാകാൻ വേണ്ടി പിന്നിലുള്ള വാഹനങ്ങൾ പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടതോടെ ആറംഗ മദ്യപസംഘം അനിൽകുമാറിനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മകളെ കടന്നുപിടിക്കുകയും വസ്ത്രം വലിച്ചുകീറിയതായും എഫ്ഐആറിൽ പറയുന്നു. മകളുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച് കൊണ്ടുപോയെന്നും പരാതിയിലുണ്ട്. കൊള്ളിയേരിതാഴം പ്രജിത്, ബദിരൂർ സലീഷ് എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണ് എലത്തൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
എലത്തൂർ സ്റ്റേഷനിലെ എസ്ഐ വിജയനാണ് അന്വേഷണച്ചുമതല. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.





