അരുണാചൽ പ്രദേശിൽ അഞ്ച് പുതിയ ഇനം കൊമ്പൻ തവളകൾ; ഒച്ചിനെ തോടടക്കം വിഴുങ്ങുന്ന വിചിത്ര ഇനവും
ഇറ്റാനഗർ: ഇന്ത്യയുടെ കിഴക്കൻ ഹിമാലയൻ മേഖലയായ അരുണാചൽ പ്രദേശിൽ അഞ്ച് പുതിയ ഇനം കൊമ്പൻ തവളകളെ കണ്ടെത്തി. ഇവയിൽ കരയിലെ ഒച്ചുകളെ തോടടക്കം വിഴുങ്ങുന്ന സവിശേഷ ഭക്ഷണരീതിയുള്ള തവളയുമുണ്ട്. കണ്ടെത്തലോടെ ലോകത്ത് ഈ വിഭാഗത്തിൽ അറിയപ്പെടുന്ന തവളകളുടെ എണ്ണം ആറിൽനിന്ന് 11 ആയി ഉയർന്നു. ഇന്ത്യയിലെ ഉഭയജീവി വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിൽ നിർണായകമാണ് പുതിയ കണ്ടെത്തൽ. ഡൽഹി സർവകലാശാലയിലെയും ഹാർവഡ് സർവകലാശാലയിലെയും ഗവേഷകർ അഞ്ചുവർഷം നീണ്ട പഠനത്തിലൂടെയാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്. ഹാർവഡ് സർവകലാശാലയിലെ മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജിയുമായി ബന്ധപ്പെട്ട് ഡോ. സൊണാലി ഗാർഗിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഡിഎൻഎ പരിശോധന, തവളകളുടെ ശബ്ദം, ശരീരഘടന എന്നിവ വിശകലനം ചെയ്താണ് പുതിയ ഇനങ്ങളാണെന്ന് സ്ഥിരീകരിച്ചത്. പഠനഫലം നവംബർ 11ന് റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ജിംഗോഫ്രിസ് (Jingophrys) ജനുസിൽപ്പെടുന്ന കൊമ്പൻ തവളകളെയാണ് കണ്ടെത്തിയത്. ചെറിയ ശരീരവും കണ്ണുകൾക്ക് മുകളിൽ കൊമ്പുപോലെ തോന്നിക്കുന്ന ചർമഭാഗങ്ങളുമാണ് ഇവയുടെ പ്രത്യേകത. ജിംഗോഫ്രിസ് താനിറ്റാറ്റി, ജിംഗോഫ്രിസ് താനോഗോഗോ, ജിംഗോഫ്രിസ് സിയാങെൻസിസ്, ജിംഗോഫ്രിസ് ഹർഡി, ജിംഗോഫ്രിസ് വുലാർസോണി എന്നിവയാണ് പുതിയ അഞ്ച് ഇനങ്ങൾ. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് ജിംഗോഫ്രിസ് താനോഗോഗോ എന്ന ഇനമാണ്. ഒച്ചുകളെ തോടടക്കം വിഴുങ്ങുന്നതാണ് ഇതിന്റെ പ്രത്യേകത. മൈക്രോ സിടി ഇമേജിങ് പരിശോധനയിൽ തവളയുടെ ദഹനവ്യവസ്ഥയ്ക്കുള്ളിൽ ഒച്ചുകളുടെ തോടുകൾ കണ്ടെത്തുകയായിരുന്നു. ഒച്ചുകളെ തോടടക്കം ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ തവളയാണിത്. ഈ തവള ഉൾപ്പെടുന്ന കുടുംബത്തിലും ഇത്തരമൊരു ഭക്ഷണരീതി ആദ്യമായാണ് കണ്ടെത്തുന്നത്. അപതാനി ഭാഷയിലെ പ്രാദേശിക പദങ്ങളിൽനിന്നാണ് താനോഗോഗോ എന്ന പേര് സ്വീകരിച്ചത്. രാത്രികാലങ്ങളിൽ മാത്രം സജീവമാകുന്നവയും വളരെ പെട്ടെന്ന് ഒളിച്ചുമാറുന്നവയുമായതിനാൽ തവളകളെ കണ്ടെത്തുക ഗവേഷകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ദുർഘടമായ പർവതപ്രദേശങ്ങളിൽ കൊടുംതണുപ്പിനെ അതിജീവിച്ചായിരുന്നു പഠനം. ചില മേഖലകളിൽ എത്തിച്ചേരുക പോലും പ്രയാസകരമായിരുന്നുവെന്ന് ഡൽഹി സർവകലാശാല പ്രൊഫസർ എസ്.ഡി. ബിജു പറഞ്ഞു. ഗവേഷണത്തിൽ പ്രദേശത്തെ തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ സഹായവും നിർണായകമായി. വനമേഖലകളിലേക്കുള്ള വഴികൾ പരിചയപ്പെടുത്തുന്നതിനും തവളകളെ കണ്ടെത്തുന്നതിനും ഇവർ സഹായിച്ചു. തദ്ദേശീയ സമൂഹങ്ങളോടുള്ള ആദരസൂചകമായി ചില തവളകൾക്ക് ഗോത്രവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും പേരുകൾ നൽകുകയും ചെയ്തു. താനി ജനവിഭാഗത്തിന്റെ പേരിലാണ് താനി കൊമ്പൻ തവള അറിയപ്പെടുന്നത്. ഹിമാലയൻ പർവതനിരകളുടെ രൂപീകരണവും ദക്ഷിണേഷ്യൻ മൺസൂണും തവളകളുടെ പരിണാമത്തിനും പുതിയ ഇനങ്ങളുടെ രൂപീകരണത്തിനും കാരണമായെന്നാണ് പഠനത്തിലെ കണ്ടെത്തൽ. നദികളും ഉയരത്തിലുള്ള വ്യത്യാസങ്ങളും തവളകളുടെ വിവിധ വിഭാഗങ്ങളെ പരസ്പരം വേർതിരിച്ചതോടെ ചെറിയ ഭൂമിശാസ്ത്രപരമായ അകലങ്ങളിൽ പോലും വ്യത്യസ്ത ഇനങ്ങൾ രൂപപ്പെടുകയായിരുന്നു. വെറും പത്ത് കിലോമീറ്റർ അകലത്തിൽ നാല് വ്യത്യസ്ത ജിംഗോഫ്രിസ് ഇനങ്ങളെ കണ്ടെത്താനായതും ശ്രദ്ധേയമാണ്. പുതിയ ഇനങ്ങളുടെ ആവാസവ്യവസ്ഥ, ജീവിതരീതി, സംരക്ഷണ സാധ്യതകൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ്. കിഴക്കൻ ഹിമാലയൻ മേഖലയിൽ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവിവർഗങ്ങളുണ്ടെന്നതിന്റെ സൂചന കൂടിയാണ് ഈ കണ്ടെത്തൽ.





