ചൈന അതിർത്തിയിൽ ഇന്ത്യ 30,000 കോടി ചെലവിൽ 500 കിലോമീറ്റർ റെയിൽവേ ലൈൻ നിർമിക്കുന്നു; ഒന്ന് പാക് അതിർത്തിയായ ബാരാമുള്ളയിലേക്കും

ചൈന അതിർത്തിയിൽ ഇന്ത്യ 30,000 കോടി ചെലവിട്ട് 500 കിലോമീറ്റർ റെയിൽവേ ലൈൻ നിർമിക്കുന്നു. ചരക്കു കൊണ്ടുപോകാനും മിലിറ്ററി ആവശ്യങ്ങൾക്കുമാണ് പ്രധാനമായും ഈ റെയിൽവേ ലൈൻ ഉപയോഗിക്കുക. ചൈന, ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളുടെ അതിർത്തി മേഖകളായ ഉൾനാടൻ ഗ്രാമപ്രദേശങ്ങളെ ബന്ധിക്കാനാണ് ഇത്രയും ചെലവേറിയ ട്രെയിൻ പാതകൾ നിർമിക്കുക. ധാരാളം പാലങ്ങളും ടണലുകളുമാക്കെ വേണ്ടി വരുന്ന ദുർഘട മേഖലകളിലെ പാത നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ചൈനയുമായി രാജ്യം നല്ല ബന്ധത്തിലാണെങ്കിലും സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റിമറിയാവുന്ന അവസ്ഥയാണ്. തന്നെയുമല്ല നേരത്തേ തന്നെ ഇതു സംബന്ധിച്ച ആലോചനകൾ നടന്നിരുന്നതുമാണ്. ചൈനയുമായി അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായിട്ട് അഞ്ച് വർഷമാക്കുന്നു. അടുത്ത കാലത്ത് അവർ അതിർത്തിയിലെ വേലികൾ പുതുക്കിപ്പണിയുകയും ചെയ്തു. എന്നാൽ ട്രംപിന്റെ താരിഫ് യുദ്ധത്തോടെ ഇരു രാജ്യങ്ങളും ചേർന്നുള്ള വ്യാപാര കരാറുകളുടെ നീക്കത്തിലാണ്.പ്രകൃതി ദുരന്തങ്ങളുണ്ടാവുകയോ മിലിറ്ററി മുന്നേറ്റമുണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന രീതിയിലാണ് റെയിൽ പാതകൾ നിർമിക്കുക. അടിയന്തര ഘട്ടങ്ങളിൽ വിമാനങ്ങളിറക്കാൻ പറ്റിയ മേഖലകളും വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു. 1962 ലെ യുദ്ധകാലത്ത് ഇവിടെ ഇത്തരത്തിലുള്ള ലാൻറിംഗ് ഗ്രൗണ്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഇവിടെ ഒരു അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല. അവയൊക്കെയും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം ചൈനയുമായി തർക്കം നടക്കുന്ന വടക്കൻ ലഡാക്കിലെ അതിർത്തിയിലും റെയിൽവേ ലൈനുകൾ നിർമിക്കാൻ ആലോചനയുണ്ട്. ഇപ്പോഴത്തെ ഒരു പാത പാകിസ്ഥാനുമായി തർക്കം നടക്കുന്ന ബാരാമുള്ളവരെയും നീളുന്നുണ്ട്.
