ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ 110 കി.മീ വേഗത്തിൽ; സർവീസ് റൂട്ടുകൾ പരിഗണനയിൽ
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ. 120 കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 110 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താനുള്ള നീക്കം. ട്രെയിൻ ഓടിക്കേണ്ട റൂട്ടുകൾ തീരുമാനിക്കുന്നതിനായി വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടക്കുകയാണെന്ന് റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ സതീഷ് കുമാർ അറിയിച്ചു. നിലവിൽ ഹൈഡ്രജൻ ട്രെയിനിന്റെ പ്രവർത്തന വേഗം മണിക്കൂറിൽ 75 കിലോമീറ്ററാണ്. 120 കിലോമീറ്റർ വേഗത്തിൽ പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന് ഇൻഡോറിൽ മാധ്യമങ്ങളോട് സതീഷ് കുമാർ പറഞ്ഞു. സാങ്കേതിക വിഷയങ്ങളും ഇന്ധനവിതരണ സംവിധാനവും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോനിപത് പാതയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകൾ ഓവർഹെഡ് വൈദ്യുതി ലൈനിൽനിന്ന് വൈദ്യുതി സ്വീകരിക്കുമ്പോൾ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിനിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ ജലബാഷ്പവും ചൂടുമാണ് പ്രധാന ഉപോൽപന്നങ്ങൾ. ഇന്ധനദഹനമോ പുകയോ ടെയിൽപൈപ്പ് കാർബൺ പുറന്തള്ളലോ ഉണ്ടാകില്ല. അതേസമയം, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. നിലവിൽ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഹൗറ-കാമാഖ്യ (ഗുവാഹത്തി) റൂട്ടിലാണ് സർവീസ് നടത്തുന്നത്. നാല് ട്രെയിനുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഈ വർഷം 11 ട്രെയിനുകൾ കൂടി തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. 2028ലെ ഉജ്ജയിൻ സിംഹസ്ഥയ്ക്കായി 100 മുതൽ 125 വരെ പ്രത്യേക ട്രെയിനുകൾ ഓടിക്കാനും റെയിൽവേ പദ്ധതിയിടുന്നു. ₹18,500 കോടി ചെലവ് കണക്കാക്കുന്ന ഇൻഡോർ-മൻമാഡ് റെയിൽപാതയുടെ ഭൂമിയേറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. പദ്ധതി നാല് മുതൽ അഞ്ച് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.





