കോഴിക്കോട് അടച്ചിട്ട വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പത്ത് പവനും കവർന്നു
കോഴിക്കോട്: അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന പൂവാട്ടുപറമ്പിലെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്നപം പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി വീട്ടുകാർ പറഞ്ഞു.
സംഭവ സമയം ദിവ്യയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. വീട് പൂട്ടി സ്വദേശമായ തൃശൂരിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്. വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്.
പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.





