നസ്ലന് അഹങ്കാരിയാണോയെന്ന് ചോദ്യം; ഏതെങ്കിലും അഹങ്കാരികള്‍ ഇത് സമ്മതിച്ചിട്ടുണ്ടോയെന്ന് ജിത്തു മാധവൻ, പാവമാണെന്ന് നസ്രിയയുടെ മറുപടി
തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തമായൊരു മേല്‍വിലാസം അതിവേഗത്തില്‍ പടുത്തുയര്‍ത്തിയ നടനാണ് നസ്ലന്. ചിരിപ്പിച്ചും ത്രസിപ്പിച്ചും താരം ചെയ്ത വേഷങ്ങളെ മലയാളികള്‍ കൃത്യമായി ഏറ്റെടുക്കുയും ആഘോഷമാക്കുകയും ചെയ്യാറുണ്ട്. തന്റെ കംഫര്‍ട്ട് സോണെന്ന് പലരും വിധിയെഴുതിയ മേഖലകളും, ഇവനെ കൊണ്ടൊന്നും കൂട്ടിയാല്‍ കൂടുകയില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ ഏരിയകളും സധൈര്യം ഏറ്റെടുത്ത താരം, ഇന്ന് എത്തിനില്‍ക്കുന്നത് തമിഴ് സൂപ്പര്‍താരം സൂര്യയോടൊപ്പമുള്ള സീന്‍ സിനിമയുടെ വില്ലന്‍ കുപ്പായത്തിലാണ്. നായകന് സൂര്യയ്ക്കൊപ്പം കട്ടക്ക് നില്ക്കുന്ന വില്ലനായി നസ്ലനെ അവതരിപ്പിച്ചതോടെ ‘ജിത്തു മാധവന് ചിത്ര’ത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി-തമിഴ് പ്രേക്ഷകര്‍. ഇപ്പോഴിതാ, താന്‍ അഹങ്കാരിയാണോയെന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് നസ്ലന്. സീന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. നസ്ലന് ഭയങ്കര അഹങ്കാരിയാണെന്ന് പലരും പറയാറുണ്ടെന്നും, എന്താണതിലെ സത്യാവസ്ഥയെന്നുമായിരുന്നു ചോദ്യം. അറിയില്ല, ഞാന്‍ അഹങ്കാരിയാണോയെന്ന് ചോദ്യകർത്താവിനോട് തിരിച്ച് ചോദിക്കുകയായിരുന്നു താരം. അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചപ്പോഴുള്ള ആത്മവിശ്വാസം അഹങ്കാരമായി മാറിയിട്ടുണ്ടോയെന്ന് മാധ്യമപ്രവര്ത്തകന് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയില്ല, ഒന്നും പറയാനില്ലെന്ന് താരം മറുപടി നല്‍കുകയും ചെയ്തു. അതേസമയം, എന്തേ ഈ ചോദ്യം വരാത്തേയെന്ന് ആലോചിക്കുകയായിരുന്നെന്നാണ് നസ്രിയ പ്രസ് മീറ്റില്‍ പറഞ്ഞത്. നസ്രിയ അഹങ്കാരിയാണോയെന്ന ചോദ്യത്തിന് പാവമാണെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെ, തങ്ങള്‍ അഹങ്കാരിയാണെന്ന് ഏതെങ്കിലും അഹങ്കാരി സമ്മതിക്കുമോയെന്ന് സംവിധായകന് ജിത്തുമാധവനും തമാശരൂപേണ തുറന്നടിച്ചു. സംവിധായകന് അറ്റ്ലീയുടെ പ്രശംസയെ കുറിച്ചുള്ള ചോദ്യത്തിനും ചടങ്ങില്‍ നസ്ലന് മറുപടി പറയുകയുണ്ടായി. അറ്റ്ലീ സാറിന്റെ മറുപടി തന്നെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞെന്നും ഒരുപാട് നന്ദിയുണ്ടെന്നുമായിരുന്നു ഈ ചോദ്യത്തോടുള്ള താരത്തിന്റെ മറുപടി. നസ്ലന് സൂപ്പര്‍താരമാണെന്നും, അവന് ഇന്‍ഡസ്ട്രി ഭരിക്കുന്ന ഒരു ദിവസം വരുമെന്നുമാണ് അറ്റ്ലീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.





