ഒക്ടോബർ ഒന്ന് അന്തരാഷ്ട്ര കോഫി ദിനമായി ആചരിക്കുന്നത് എന്തിനാണ്?
ലോകത്തിന്റെ പല സംസ്കാരങ്ങളിലും വ്യത്യസ്ത രുചികളോടെ ഇടം നേടിയ കാപ്പിക്ക് ഇന്ന് ആഘോഷദിനം. കാപ്പിയുടെ വൈവിധ്യങ്ങൾ ആഘോഷിക്കുന്നതിനൊപ്പം, അതിന്റെ ഉൽപ്പാദനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന കർഷകരെയും തൊഴിലാളികളെയും ആദരിക്കുന്ന ദിനം കൂടിയാണ് അന്താരാഷ്ട്ര കോഫി ദിനം. ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്റെ (ICO) നേതൃത്വത്തിൽ 2015 മുതലാണ് ഒക്ടോബർ 1 ഔദ്യോഗികമായി അന്താരാഷ്ട്ര കോഫി ദിനമായി ആചരിക്കാൻ തുടങ്ങിയത്. കാപ്പിയുടെ വൈവിധ്യവും സവിശേഷമായ രുചിയും ആഘോഷിക്കുന്നതിനൊപ്പം, കാപ്പി കർഷകരുടെ ദുരിതങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനുമാണ് ഈ ദിനം പ്രധാനമായും ആചരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലാണ് കാപ്പിയുടെ ഉത്ഭവം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് യെമൻ വഴി ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുകയായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ബാബ ബുദാൻ എന്ന സൂഫി വര്യനാണ് യെമനിൽ നിന്നും കാപ്പിമണികൾ ഇന്ത്യയിൽ എത്തിച്ചതെന്നാണ് ചരിത്രം. ഇന്ന് കർണാടക, കേരളം, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാന കാപ്പി ഉൽപ്പാദകർ. ഉയർന്ന പ്രദേശങ്ങളിലെ കൃഷി, തണൽ നൽകുന്ന മരങ്ങൾക്കിടയിലെ വളർച്ച, കൂടാതെ മൺസൂൺ കാലാവസ്ഥ എന്നിവ ഇന്ത്യൻ കാപ്പിക്ക് ആഗോളതലത്തിൽ തന്നെ സവിശേഷമായ രുചിയും സുഗന്ധവും സമ്മാനിക്കുന്നു. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പ്രധാന കാപ്പി ഇനങ്ങളിൽ അറബിക്ക (Arabica), റോബസ്റ്റ (Robusta) എന്നിവ പ്രമുഖമാണ്. നേർത്ത രുചിയും മികച്ച സുഗന്ധവുമുള്ള അറബിക്കക്ക് വിപണിയിൽ പ്രിയമേറെയാണ്. ഇന്ത്യയുടെ മലബാർ തീരത്തെ മൺസൂൺ കാലാവസ്ഥയിൽ പ്രത്യേകമായി പാകപ്പെടുത്തിയെടുക്കുന്ന ‘മൺസൂൺ മലബാർ’ കാപ്പി അതിന്റെ കുറഞ്ഞ അസിഡിറ്റിയും പ്രത്യേകമായ രുചിയും കാരണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്. കർണാടകയിലെ കൂർഗ്, ചിക്കമഗളൂരു, മൈസൂർ ശൈലിയിലുള്ള കാപ്പികളും തനതായ രുചിവൈവിധ്യം കൊണ്ട് കാപ്പി ആസ്വാദകർക്കിടയിൽ പ്രശസ്തമാണ്.





