കണ്ടാലും കൊതിയൂറും, കഴിച്ചാലോ വായിൽ കപ്പലോടും! ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കി നോക്കിയാലോ
ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ വ്യത്യസ്തവും രുചികരവുമായ ഒരു സ്നാക്ക്. പേരുപോലെ തന്നെ രുചിയിലും ഒരു പൊട്ടിത്തെറി തന്നെയാണ് ‘ചിക്കൻ പൊട്ടിത്തെറിച്ചത്’. പുറത്തു നല്ല മൊരിഞ്ഞ ക്രിസ്പിയും അകത്ത് മസാലകൾ ചേർന്ന ചിക്കന്റെ രുചിയും. നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ…
ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ സ്ട്രിപ്പുകളായി മുറിച്ചത് – 250 ഗ്രാം
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
മല്ലിയില അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂൺ
ചുവന്ന മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – ¼ ടീസ്പൂൺ
സോയ സോസ് – ½ ടീസ്പൂൺ
മുട്ട – 1 എണ്ണം
സമോസ ഷീറ്റുകൾ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ആദ്യം എല്ലില്ലാത്ത ചിക്കൻ നീളത്തിൽ സ്ട്രിപ്പുകളായി മുറിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചമുളക്, മല്ലിയില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, സോയ സോസ്, ഉപ്പ് എന്നിവ ചേർക്കുക. മസാലകൾ ചിക്കനിൽ നന്നായി പിടിക്കുന്നതുവരെ യോജിപ്പിച്ച ശേഷം രണ്ടുമുതൽ മൂന്ന് മണിക്കൂർ വരെ മാരിനേറ്റ് ചെയ്യാൻ മാറ്റിവയ്ക്കുക.
ശേഷം ഒരു മുട്ട നന്നായി അടിച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ സ്ട്രിപ്പുകളിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. സമോസ ഷീറ്റുകൾ നേർത്ത നീളൻ സ്ട്രിപ്പുകളായി മുറിച്ചെടുക്കുക. ഓരോ ചിക്കൻ കഷ്ണവും സമോസ ഇലകൾ ഉപയോഗിച്ച് ചുറ്റിപ്പൊതിയുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി പൊതിഞ്ഞുവെച്ച ചിക്കൻ കഷ്ണങ്ങൾ അതിലേക്ക് ഇടുക. മിതമായ തീയിൽ പുറംഭാഗം നല്ല സ്വർണനിറത്തിൽ മൊരിഞ്ഞും ചിക്കൻ പൂർണമായി വേവുന്നതുവരെയും വറുത്തെടുക്കുക. ശേഷം എണ്ണയിൽനിന്ന് മാറ്റി ചൂടോടെ വിളമ്പാം.





