കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മംഗളൂരു-ഗോവ വന്ദേഭാരത് യശ്വന്ത്പുരിലേക്ക് നീട്ടി, കോഴിക്കോട്ടേക്ക് ഇല്ല

പയ്യന്നൂര്‍: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം റെയില്‍വേ തള്ളി. പകരം ഈ സര്‍വീസ് യശ്വന്ത്പുരിലേക്ക് ദീര്‍ഘിപ്പിച്ചുകൊണ്ട് റെയില്‍വേ ഔദ്യോഗിക ഉത്തരവിറക്കി. ഗോവ-മംഗളൂരു റൂട്ടില്‍ യാത്രക്കാരുടെ കുറവും വലിയ നഷ്ടവും കാരണം സര്‍വീസ് പ്രതിസന്ധിയിലായിരുന്നു. ഞായറാഴ്ചകളിലൊഴികെ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ യാത്രക്കാര്‍ മാത്രമാണ് ഈ വണ്ടിയില്‍ ഉണ്ടായിരുന്നത്.

ഈ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍, കെ. സുധാകരന്‍, സുരേഷ് ഗോപി തുടങ്ങിയ എം.പിമാരും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. വടക്കേ മലബാറിലെ നാല് ജില്ലകളില്‍ നിന്നുള്ള യാത്രാവരുമാനവും ടൂറിസം സാധ്യതകളും ചൂണ്ടിക്കാണിച്ചെങ്കിലും റെയില്‍വേ ഇത് അംഗീകരിച്ചില്ല.

ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസംമംഗളൂരു ജങ്ഷന്‍ വഴി ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ദീര്‍ഘിപ്പിച്ച സര്‍വീസ് ഏറെ ഗുണം ചെയ്യും. മഡ്ഗാവ്-യശ്വന്ത്പുര്‍ വന്ദേഭാരത് (26656) രാവിലെ 8.20ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ഓടെ മംഗളൂരുവിലും വൈകിട്ട് 6.43ഓടെ യശ്വന്ത്പുരിലും എത്തും. മംഗളൂരുവിനും യശ്വന്ത്പുരിനും ഇടയില്‍ ആകെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.

മറുവശത്ത്, യശ്വന്ത്പുരില്‍ നിന്ന് (26655) രാവിലെ 7.35ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 3.05ന് മംഗളൂരുവിലും രാത്രി 8.55ന് ഗോവയിലുമെത്തും. ആഴ്ചയില്‍ ആറു ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. മൂകാംബിക റോഡ് (ബൈന്ദൂര്‍), മുരുഡേശ്വര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഇതിന് സ്റ്റോപ്പുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button