നാടിനെ നടുക്കിയ കൊല; ഒടുവിൽദുരൂഹ സാഹചര്യത്തിൽ പ്രതിയുടെ മരണം
പയ്യന്നൂർ: ആദ്യം കേട്ടത് വെടിയൊച്ച. ഒപ്പം കരച്ചിലും. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കൃത്യനിർവഹണത്തിനു ശേഷം പ്രതി ഇരുട്ടിലേക്ക് മറഞ്ഞിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കൈതപ്രത്ത് വ്യാഴാഴ്ച സംഭവിച്ച കൊലപാതകം ഗ്രാമത്തെ നടുക്കുന്നതായിരുന്നു. ഒടുവിൽ ദുരൂഹ സാഹചര്യത്തിൽ പ്രതി മരണത്തിലേക്ക്.കൈതപ്രത്തെ സാമൂഹിക പ്രവർത്തകൻ കൂടിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു വാക്കേറ്റം പോലുമില്ലാതെ സമാധാനപരമായി കഴിയുന്ന ഗ്രാമത്തിലേക്ക് അശാന്തിയുടെ കരിനിഴൽ പടർത്തിയാണ് 2025 മാർച്ച് 20ന് രാത്രി വെടിയൊച്ച മുഴങ്ങിയത്. കെ.കെ. രാധാകൃഷ്ണൻ വൈകീട്ട് ഏഴരയോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താൻ എത്തിയത്. രാധാകൃഷ്ണൻ അങ്ങോട്ട് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീടിന് സമീപം എത്തിയ ഉടനെയാണ് വെടിയുടെ ശബ്ദം കേട്ടതെന്ന് സമീപവാസികൾ പറയുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെയാണ്. ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതമംഗലം പുനിയങ്കോട്ടാണ് രാധാകൃഷ്ണൻ താമസിക്കുന്നത്. വാഹനങ്ങൾ എത്താൻ സൗകര്യം എന്ന നിലയിലാണ് കൈതപ്രം വായനശാലക്കു സമീപം പുതുതായി വീടുവെക്കാൻ തീരുമാനിച്ചത്. കൃത്യം നിർവഹിക്കുന്നതിന് ഏറെ മുമ്പുതന്നെ പ്രതിസ്ഥലത്തെത്തിയതായി പൊലീസ് കരുതുന്നു. ഇവിടെ വെച്ച് മദ്യപിച്ചതായും പറയുന്നു. പകുതിയൊഴിഞ്ഞ മദ്യ കുപ്പി ഇവിടെനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൈത്തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. കൃത്യം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ആസൂത്രണം സംബന്ധിച്ച് സൂചന നൽകുന്ന പ്രതിയുടെ സമൂഹമാധ്യമ പോസ്റ്റ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായി നിൽക്കുന്ന പടവും പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കുറിപ്പുകളും പോസ്റ്റിലുണ്ടത്രെ. അതു കൊണ്ടുതന്നെ വ്യക്തിവിരോധമാണ് കൊലക്കു കാരണമെന്ന് വ്യക്തം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പൊലീസ് പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കെയാണ് പിടിയിലായത്. രാധാകൃഷ്ണന്റെ ഭാര്യയുമായുണ്ടായതായി പറയുന്ന വഴിവിട്ട ബന്ധമാണ് കൊലയിൽ കലാശിച്ചത്.





