നിർമാണത്തിൽ മാത്രമല്ല ഇനി സൗന്ദര്യ വർധക വസ്ഥുക്കളുടെ വിൽപ്പനക്കും വിതരണത്തിനും ലൈസൻസ് വേണം; നിയന്ത്രണങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ്
സൗന്ദര്യ വർധക വസ്ഥുക്കളുടെ വിൽപ്പനക്കും വിതരണത്തിനും ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ. ഫെയർനെസ് ക്രീമുകളുൾപ്പെടെയുള്ളവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർണായക ഇടപെടൽ. ഇതുവരെ കേരളത്തിൽ ഇവ നിർമിക്കുന്നതിന് മാത്രമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ ഇത്തരം സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയിലും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കും. ഓൺലൈൻ വിൽപ്പനക്കും പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് മാർഗരേഖ സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. സൗന്ദര്യ വർധക വസ്തുക്കൾ കൂടാതെ മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും, ഇവ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെ ഉൾപ്പെടെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെയും മരുന്നുകളുടെയും പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്താനും സർക്കാർ ആശുപത്രികളെയും കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും ഏകോപിപ്പിച്ച് പ്രത്യേക ഓൺലൈൻ സംവിധാനവും വിദഗ്ധ സമിതിയും രൂപീകരിക്കും. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കു പുറമേ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഓൺലൈൻ വഴി വാങ്ങിയ ഫെയർനസ് ക്രീം ഉപയോഗിച്ച 17 വയസ്സുകാരിക്ക് മെർക്കുറി വിഷബാധയേറ്റ് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്.





