മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിന് സസ്പെൻഷൻ
തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ചേന്തി അനിലിന് സസ്പെൻഷൻ. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് നടപടി സ്വീകരിച്ചത്. കോൺഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിലും പാർട്ടിക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ചേന്തി അനിലെങ്കിലും ഇത്തരം തെറ്റായ നടപടികളെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ചെന്നിത്തലയുടെ ഓഫീസും സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോവുകയായിരുന്ന വി.ഡി സതീശന്റെ വാഹനം അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് തടഞ്ഞിരുന്നു. ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പറഞ്ഞ് ഇവർ ഫ്ളെക്സ് ബോർഡുകൾ വെച്ച് പ്രചാരണം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളിൽ പരിപാടി ഉണ്ടായിരുന്നില്ല.
വഴിമധ്യേ കാർ തടഞ്ഞുനിർത്തി മോശമായി പെരുമാറിയതോടെ മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങുകയും പ്രവർത്തകരോട് രോഷാകുലനാവുകയും ചെയ. ഉടനടി അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രവർത്തകരെ തള്ളിമാറ്റി. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനിലിനെ അറസ്റ്റുചെയ്തത്.





