നാട്ടിലെത്താൻ പാടുപെടും; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്ക് ഇരട്ടിയായി

തിരുവനന്തപുരം: ഓണം അടുക്കുന്നതോടെ മലയാളികൾക്ക് നാട്ടിലെത്തണമെങ്കിൽ കീശ കീറും. ഉത്സവ സീസൺ ആയതോടെ ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രച്ചെലവ് ഇരട്ടിയിലേറെയാണ്. ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്ക് ഇരട്ടിയിലേറെയായി. ഡൽഹിക്ക് പുറമേ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിൽ‌ താമസിക്കുന്ന മലയാളികൾക്ക് ടിക്കറ്റ് ലഭിക്കാനില്ലാത്തതും നിരക്ക് ഇരട്ടിയായതും വെല്ലുവിളിയായിട്ടുണ്ട്. മിക്ക നഗരങ്ങളിൽനിന്ന് ട്രെയിനുകളോ വിമാന സർവിസുകളോ ഇല്ലാത്തതിനാൽ ഡൽഹിയിലെത്തി വേണം നാട്ടിലേക്ക് യാത്ര തിരിക്കാൻ.വിവിധ സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് 100 സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചെങ്കിലും ഡൽഹിയിൽനിന്ന് പ്രത്യേക സർവിസുകൾ ഒന്നുമില്ല. ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ദിവസേന കേരളത്തിലേക്ക് സർവിസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്ത ടിക്കറ്റുകൾ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റിലാണ്.തേർഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും മംഗള, കേരള എക്സ്പ്രസുകളിൽ കിട്ടാനില്ല. രാജധാനി എക്സ്പ്രസ്, മില്ലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, യശ്വന്ത്പുര-കൊച്ചുവേളി എക്സ്പ്രസ്, സമ്പർക്കക്രാന്തി എക്സ്പ്രസ്, അമൃത്സർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സ്വർണ ജയന്തി എക്സ്പ്രസ്, നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിലും ടിക്കറ്റ് ലഭിക്കാനില്ല. ഡൽഹിയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളിലേക്കുള്ള വിമാനയാത്രക്ക് 15,000ന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരികെ വരാനും ഏകദേശം ഇതേ തുക ചെലവാക്കേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button