ഷാനുവിന്റെ പ്രഹരം; കൊമ്പൻസിന് ത്രില്ലർ ജയം സ്കോർ

കണ്ണൂർ : അഞ്ച് ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ 3-2 ന് തോൽപ്പിച്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി. സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജാവോ പരഡേസ്, ഷിനു, ഷാനു എന്നിവരാണ് കൊമ്പൻസിനായി ലക്ഷ്യം കണ്ടത്. ഉമാശങ്കറും ബോഗ്ദൻ സ്റ്റമൻകോവിച്ചും കണ്ണൂരിന്റെ ഗോൾ പട്ടികയിൽ ഇടംപിടിച്ചു. ആറ് കളികളിൽ കൊമ്പൻസിന് എട്ട് പോയന്റും കണ്ണൂരിന് ഏഴ് പോയന്റുമാണ് ഉള്ളത്.ആറാം മിനിറ്റിൽ തന്നെ എതിരാളികളുടെ തട്ടകത്തിൽ കൊമ്പൻസ് ലീഡ് നേടി. കണ്ണൂർ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ഷിജിൻ നൽകിയ ത്രൂ പാസ് സ്വീകരിച്ച ജാവോ പരഡേസ് അനായാസം പന്ത് വലയിലെത്തിച്ചു. പിന്നാലെ ആക്രമണത്തിന് വേഗം കൂട്ടിയ കണ്ണൂർ 23-ാം മിനിറ്റിൽ ഒപ്പമെത്തി. വലതുവിങിലൂടെ മുന്നേറി സിനാൻ ഉയർത്തിവിട്ട ക്രോസ് ഫസ്റ്റ് ടൈം വോളിയിലൂടെ ഉമാശങ്കർ ഗോളാക്കി മാറ്റി (1–1).പൗലോ സീസർ പരേരയെയും മാൽസ്വംതുലുങ്കയെ യും പകരക്കാരായി ഇറക്കിയ കൊമ്പൻസ് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും ലീഡ് നേടി. പാട്രിക്ക് മോട്ടയുടെ കോർണറിൽ നിന്ന് ക്യാപ്റ്റൻ ഷിനുവായിരുന്നു സ്കോറർ. എന്നാൽ ആദ്യ പകുതി അവസാനിക്കുംമുമ്പേ ബോഗ്ദൻ സ്റ്റമൻകോവിച്ചിലൂടെ കണ്ണൂർ തിരിച്ചടിച്ചു. നാല് ഗോളുകൾ പിറന്ന ആവേശകരമായ ആദ്യ പകുതി 2–2 സമനിലയിൽ അവസാനിച്ചു.59-ാം മിനിറ്റിൽ കണ്ണൂരിന് മികച്ച അവസരം കൈവന്നു. ബോക്സിൽ നിന്നുള്ള നിജോ ഗിൽബെർട്ടിന്റെ ബാക്ക് പാസ് സ്വീകരിച്ച് ഫെഡറിക് ബോച്ച്വെ എടുത്ത ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ഹൃതിക്ക് ആന്റണി, ജോസഫ് ഗോർഡൻ, ഷാനു എന്നിവരെ പകരക്കാരായി കൊണ്ടുവന്ന കൊമ്പൻസ് 88-ാം മിനിറ്റിൽ വിജയഗോൾ നേടി. ഷാനുവിന്റെ ആദ്യ ഷോട്ട് കണ്ണൂർ ഗോൾകീപ്പർ ഹജ്മൽ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ പന്ത് വീണ്ടെടുത്ത താരം ഗ്രൗണ്ടർ ഷോട്ടിലൂടെ വല കുലുക്കി (3-2).ആറാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (നവംബർ 1) മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സിയുമായി മത്സരിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഷൂട്ടൗട്ടിൽ (4-3) കാലിക്കറ്റിനായിരുന്നു ജയം.




