മനം കവരാനായില്ല’, തോല്‍വിയിലെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എംബാപ്പെ
‘
ഡാലസ്: ലോകകപ്പ് സെമിഫൈനലിൽ സ്പെയിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് ഫ്രാൻസ് പുറത്തായതിന് പിന്നിലെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് നായകന്‍ കിലിയന്‍ എംബാപ്പെ. സെമിയിലേറ്റ തിരിച്ചടി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് താരം വെളിപ്പെടുത്തി. മത്സര ശേഷം ഫ്രഞ്ച് ബ്രോഡ്കാസ്റ്ററായ M6നോട് സംസാരിക്കവെയാണ് എംബാപ്പെ തന്റെ സങ്കടവും നിരാശയും പങ്കുവെച്ചത്. “തന്ത്രപരമായും സാങ്കേതികമായും ഞങ്ങള്‍ക്ക് പിഴച്ചു. ഞങ്ങളുദ്ദേശിച്ച രീതിയിലല്ല മത്സരം കളിച്ചത്. ഒരു ലോകകപ്പ് സെമിഫൈനലിൽ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണോ അതൊന്നും കൃത്യമായി ചെയ്തില്ലെങ്കിൽ വിജയിക്കാൻ കഴിയില്ല”- എംബാപ്പെ പറഞ്ഞു. സ്പെയിനെ പൂട്ടാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ അത് നടപ്പായില്ലെന്നും താരം വ്യക്തമാക്കി. ‘സ്പെയിൻ അവരുടെ പതിവ് ശൈലിയിൽ കളി നിയന്ത്രിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. അവരെ പ്രതിരോധത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. കാരണം കളി നിയന്ത്രിക്കുന്ന കാര്യത്തിൽ അവർ ഞങ്ങളേക്കാൾ മികച്ചവരാണ്. എന്നാൽ ആ തന്ത്രം നടപ്പിലാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു”- റയൽ മാഡ്രിഡ് താരം കൂടിയായ എംബാപ്പെ കൂട്ടിച്ചേർത്തു. മധ്യനിരയിലെ പോരാട്ടത്തിലാണ് ഫ്രാൻസിന് പിഴച്ചതെന്നും എംബാപ്പെ ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ച് മധ്യനിരയിലെ അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി സഖ്യത്തെ സ്പെയിന്റെ റോഡ്രി, ഡാനി ഓൽമോ, ഫാബിയൻ റൂയിസ് ത്രയം പൂർണ്ണമായും നിഷ്പ്രഭമാക്കുകയായിരുന്നു. പരാജയത്തില്‍ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ടീം ശക്തമായി തിരിച്ചുവരുമെന്നും എംബാപ്പെ വ്യക്തമാക്കി. സെമിയിൽ പരാജയപ്പെട്ടെങ്കിലും ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലാണ് ഫ്രാന്‍സിന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം. ഇംഗ്ലണ്ടോ അല്ലെങ്കില്‍ അര്‍ജന്റീനയോ ആകും ഫ്രാന്‍സിന്റെ എതിരാളി. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടായിരുന്നു ഫ്രാന്‍സ്, സ്പെയിനെതിരെ സെമിപ്പോരിനിറങ്ങിയത്. ടൂർണമെന്റിലുടനീളം എട്ട് ഗോളുകൾ നേടി ഫ്രാൻസിനെ സെമിഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച എംബാപ്പെ തന്നെയായിരുന്നു അവരുടെ പ്രധാന തുറുപ്പ് ചീട്ട്. എന്നാല്‍ സ്പെയിനെതിരെ താരത്തിന് ഒന്നും ചെയ്യാനായില്ല.





