കടുത്ത ചൂടില്‍ കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ കുതിച്ചുകയറി മത്തിയുടെ വില
തിരുവനന്തപുരം:കടുത്ത ചൂടില്‍ കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ കുതിച്ചുകയറി മീനുകളുടെ വില. സുലഭമായി കിട്ടിയിരുന്ന മീനുകളുടെ ലഭ്യതയാണു കുറഞ്ഞതും വില കൂടിയതും.മത്തി, അയല, കിളിമീന്‍ തുടങ്ങിയവ ആഴക്കടലിലേക്ക് നീങ്ങിയതോടെ ഇവയുടെ വരവ് കുറഞ്ഞു. കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന പലരും വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ശരാശരി 32 മുതല്‍ 35 ഡിഗ്രി സെല്‍ഷസാണ് നിലവില്‍ തീരക്കടലിലെ ഊഷ്മാവ്.
മത്തി പോലുള്ള ഉപരിതല മത്സ്യങ്ങള്‍ വെള്ളത്തിന്റെ ചൂട് 28 ഡിഗ്രി കവിഞ്ഞാല്‍ 50 മീറ്റര്‍കൂടി ആഴക്കടലിലേക്ക് പോവുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സാധാരണ മത്സ്യബന്ധനത്തിനായി തീരക്കടലിനെയാണ് ആശ്രയിക്കുന്നത്. മീന്‍ വരവ് കുറഞ്ഞതോടെ കിലോഗ്രാമിന് 100-150 രൂപവരെ വിലയുണ്ടായിരുന്ന മത്തിക്ക് 280-300 രൂപയായി.
അയലയുടെ വിലയും 250 കടന്നു. കിളിമീനും ചൂരയ്ക്കും 300ന് മുകളിലാണ് വില. കരിമീന്‍ 550-650, കാളാഞ്ചി 550-650, ഓലക്കൊടി 600-700, കൊഴിയാള 250 എന്നിങ്ങനെയാണ് വില. ചൂടുകൂടിയതോടെ പുഴകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മീന്‍ലഭ്യത കുറവാണ്. കണമ്പ്, തിരുത, വറ്റ തുടങ്ങിയവ മുന്‍പത്തേപ്പോലെ ഇപ്പോള്‍ കിട്ടുന്നില്ല. കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയവയുടെ ലഭ്യതയും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
ദിവസങ്ങളായി കായലില്‍ മത്സ്യത്തിന്റെ ലഭ്യതക്കുറവ് മൂലം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇതിനു പുറമേ കായലില്‍ മാലിന്യം നിറഞ്ഞു മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉള്‍നാടന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന വേനല്‍ച്ചൂട് കാരണം പകല്‍ തൊഴിലാളികള്‍ക്കു കായലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്നില്ല. പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലുമാണ് നിലവില്‍ മത്സ്യബന്ധനത്തിനു പോകുന്നത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ചുരുങ്ങിയ സമയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനാല്‍ നിത്യച്ചെലവിനു പോലും വരുമാനം ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നാളുകളായി പരമ്പരാഗതമായി കായലില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന ചെമ്മീന്റെ ലഭ്യതയും കുറഞ്ഞു. ഒട്ടേറെ മത്സ്യങ്ങള്‍ക്ക് വംശനാശവും സംഭവിച്ചു. പല മത്സ്യങ്ങളും ഇപ്പോള്‍ കായലില്‍ കാണാനില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാലിന്യം മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും പതിവ് കാഴ്ചയാണ്.





