കണ്ണൂരിൽ യുവാവ് സൂര്യാതപമേറ്റ് മരിച്ചു
കണ്ണൂർ: ചക്കരക്കൽപള്ളിപ്പൊയിലിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാറാ (37) ണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിനിടെ, കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികക്ക് സൂര്യാതപമേറ്റു. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലിചെയ്തുകൊണ്ടിരിക്കേയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടിയതോടെ ഡോക്ടറാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.ഉഷ്ണതരംഗമുന്നറിയിപ്പ്ഇതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിരിക്കുകയാണ്.വെന്തുരുകി പാലക്കാട് ജില്ലപാലക്കാട്: കഠിനമായ ചൂടിൽ വെന്തുരുകി പാലക്കാട് ജില്ല. ഏറെ ദിവസം 40 ഡിഗ്രി സെൽഷ്യസിൽ പൊള്ളിനിന്ന ജില്ലയിൽ ബുധനാഴ്ച താപനില 41.1 ഡിഗ്രിയിലെത്തി. മലമ്പുഴ അണക്കെട്ട് പരിസരത്താണ് ജില്ലയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കുറവ് 27.2 ഡിഗ്രിയും ആർദ്രത 49 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലമ്പുഴ മേഖലയിൽ 40 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. മുണ്ടൂർ ഐ.ആർ.ടി.സിയിലും ചൂട് 40 ഡിഗ്രി കടന്നു. 40.2 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില. ഈ സീസണിൽ ആദ്യമായാണ് മുണ്ടൂരിൽ ചൂട് 40 ഡിഗ്രിയിലെത്തുന്നത്. കുറവ് 26 ഡിഗ്രിയും ആർദ്രത 60 ശതമാനവും രേഖപ്പെടുത്തി. പട്ടാമ്പി മേഖലിയിൽ ചൂട് 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ ചൂട് 25.6 ഡിഗ്രിയാണ്. ഇതിനുപുറമേ പ്രാദേശിക തലത്തിൽ പലയിടത്തും 40ന് മുകളിൽ താപനിലയെത്തുന്നുണ്ട്. വേനല്‍ച്ചൂട് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി നിർദേശിച്ചു.സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. 26 വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴക്കോ ഇടിയോട് കൂടിയ മഴക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പിരപ്പൻകോട് നാല്, പാലോട്, ഉടുമ്പന്നൂർ എന്നിവിടങ്ങളിൽ മൂന്ന് വീതം സെന്‍റിമീറ്റർ മഴ പെയ്തു. മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവുണ്ടായി.അതേസമയം, കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ജില്ല ജുഡീഷ്യറിക്ക് കീഴിലെ ജുഡീഷ്യൽ ഓഫീസർമാർക്കും ഗൗൺ ധരിക്കുന്നതിൽ ഇളവ്. ഇതുസംബന്ധിച്ച് ഹൈകോടതി രജിസ്ട്രാർ (ജില്ല ജുഡീഷ്യറി) ഉത്തരവ് പുറപ്പെടുവിച്ചു. ഗൗൺ ധരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അതാത് ജുഡീഷ്യൽ ഓഫിസർമാർക്ക് സ്വീകരിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയത്. മേയ് 31 വരെ കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിൽ അഭിഭാഷകർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.





