ദക്ഷിണാഫ്രിക്ക പുറത്ത്, ഇഞ്ചുറി ടൈം ഗോളിൽ കാനഡ ചരിത്രത്തിൽ ആദ്യമായിലോകകപ്പ് പ്രീക്വാർട്ടറിൽ
ലോസ് ആഞ്ചലീസ്: ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32ലെ ആദ്യ മത്സരത്തിൽ കാനഡക്ക് ത്രില്ലർ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കാനഡ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. 90+2ാം മിനിറ്റിൽ സ്റ്റെഫാൻ യൂസ്റ്റാക്വിയോയാണ് വിജയഗോൾ നേടിയത്. കളിയിലുടനീളം മികച്ചുനിന്നെങ്കിലും ഗോൾ നേടാൻ ദക്ഷിണാഫ്രിക്കക്കായില്ല.സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമണ ഫുട്‌ബോളിലൂടെയാണ് ഇരുടീമുകളും മുന്നേറിയത്. 6ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ടെബോഹോ മോകോനയുടെ ഗോൾ ശ്രമം ലക്ഷ്യംതെറ്റി. 17ാം മിനിറ്റിൽ കനേഡിയൻ സൂപ്പർതാരം ജൊനാഥൻ ഡേവിഡിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ അവസാനം കാനഡയുടെ ഗോൾ എന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ദക്ഷിണാഫ്രിക്ക തട്ടിയകറ്റിയത്.
രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ആക്രമണം കടുപ്പിച്ചതോടെ മത്സരം ആവേശകരമായി. 62ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഒഡ്വിൻ അപ്പോലിസിന്റെ ഷോട്ട് അവിശ്വസനീയമാംവിധം പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റിൽ കാനഡയുടെ കൗണ്ടർ അറ്റാക്ക് ആഫ്രിക്കൻ ഗോൾമുഖം വിറപ്പിച്ചു. 75ാം മിനിറ്റിൽ കാനഡ അൽഫോൺസോ ഡേവിസിനെ കളത്തിലേക്കിറക്കി. എന്നാൽ കാനഡയുടെ ഗോൾ ശ്രമങ്ങളെ ദക്ഷിണാഫ്രിക്ക ഫലപ്രദമായി പ്രതിരോധിച്ചു. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കാനഡ ഡെഡ്‌ലോക്ക് തകർത്തു. 90+2ാം മിനിറ്റിൽ ബോക്‌സിലേക്കെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന് പിഴച്ചു. പന്ത് സ്വീകരിച്ച സ്റ്റെഫാൻ യൂസ്റ്റാക്വിയോ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് തകർപ്പനൊരു ഷോട്ടുതിർത്തു. ദക്ഷിണാഫ്രിക്കയുടെ ഗോളി വില്യംസിനെ മറികടന്ന് പന്ത് വലയിൽ വിശ്രമിച്ചു. ഒടുവിൽ റഫറിയുടെ അന്തിമ വിസിൽ വന്നതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്ത്. നെതർലൻഡ്‌സ്-മൊറോക്കോ വിജയികളെയാണ് പ്രീക്വാർട്ടറിൽ കാനഡക്ക് നേരിടേണ്ടത്.





