റോഡ് സുരക്ഷ പ്രശ്‌നമല്ല; ടൂറിസ്റ്റ് ബസ്സുകള്‍ വീണ്ടും പഴയ മട്ടില്‍ ഇഷ്ടമുള്ള നിറത്തിലേക്ക്

തിരുവനന്തപുരം | ടൂറിസ്റ്റ് ബസ്സുകള്‍ വീണ്ടും പഴയ പോലെ ഇഷ്ടമുള്ള നിറത്തിലേക്ക്. ബസ്സുകളുടെ വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്നതിനാലാണ് ഈ നിറം മാറ്റം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചതോടെ ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉടന്‍ ഉത്തരവ് ഇറക്കും.
റോഡ് സുരക്ഷ മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങളില്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള നിറം നല്‍കുന്ന അന്താരാഷ്ട്ര മാതൃക പിന്തുടര്‍ന്നാണ് കേരളത്തില്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ളം നിറം സ്വീകരിച്ചിരുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മറ്റു ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള എന്നതിനാലാണ് ഈ നിറം തെരഞ്ഞെടുത്തത്.
2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം.
ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാന്‍ തീരുമാനിച്ചതും വെള്ള നിറം നിശ്ചയിച്ചതും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button