ഇടക്കിടക്ക് നെഞ്ചെരിച്ചിലുണ്ടാകാറുണ്ടോ…?; നിസാരമാക്കരുത്, മാരകമായ കാൻസറിന് കാരണമാകുമെന്ന് മുന്നറിയിപ്പ്
നമ്മളില്‍ ഒട്ടുമിക്ക പേരിലും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് അസിഡിറ്റിയും നെഞ്ചെരിച്ചിലും. ആയുര്‍വേദ ഗുളികയോ, ആന്റാസിഡുകളിലോ ഒതുക്കാവുന്ന ചെറിയ പ്രശ്നം മാത്രമായിട്ടാണ് ഇതിനെ നിങ്ങള്‍ കാണുന്നത്. അസിഡിറ്റി വെറുമൊരു ദഹനപ്രശ്നം മാത്രമല്ല, ഗ്യാസ് ആണെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ഈ ലക്ഷണം യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിന്റെ ഗൗരവകരമായ അപകട സൂചനയാകാം. അത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങാം. സാധാരണ അസിഡിറ്റി അത്ര നിസാരക്കാരനല്ലെന്ന് ഹാർവാർഡ് ട്രെയിൻഡ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു. വിട്ടുമാറാത്ത അസിഡിറ്റി ഈസോഫാഗൽ കാൻസറിലേക്ക് (അന്നനാള കാൻസർ) നയിച്ചേക്കാമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നിസാരമാക്കരുത്, അസിഡിറ്റിയെവർഷങ്ങളോളം ചികിത്സിക്കാതെ വിട്ട നെഞ്ചെരിച്ചിൽ ഒടുവിൽ കാൻസറായി മാറിയ ഒരു രോഗിയുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഡോ. സേത്തി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഭക്ഷണത്തിന് ശേഷം നമ്മുടെ ആമാശയത്തെയും അന്നനാളത്തെയും വേർതിരിക്കുന്ന വാൽവ് കൃത്യമായി അടയാതിരിക്കുമ്പോഴാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്. ഇത് ആമാശയത്തിലെ ആസിഡ് മുകളിലേക്ക് ഒഴുകാൻ കാരണമാവുകയും അന്നനാളത്തിന്‍റെ മൃദുവായ ഉൾഭിത്തിയെ നശിപ്പിക്കുകയും ചെയ്യുന്നു.”കാലക്രമേണ, ഇത് ബാറെറ്റ്സ് ഈസോഫാഗസ് എന്നറിയപ്പെടുന്ന ഒരു പ്രീ-കാൻസർ അവസ്ഥയിലേക്കും, തുടർന്ന് അന്നനാള കാൻസറിലേക്കും നയിച്ചേക്കാമെന്നും ഡോക്ടര്‍ വീഡിയോയിൽ മുന്നറിയിപ്പ് നൽകി.ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ…സാധാരണയായി ഉണ്ടാകാറുള്ള അസിഡിറ്റി ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും, വിട്ടുമാറാത്ത പുളിച്ചുതികട്ടൽ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് ഡോ. സേത്തി പറയുന്നു.വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ,ആഹാരം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക,ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ തോന്നുക എന്നീ ലക്ഷണങ്ങള്‍ പതിവായി കാണുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. സാധാരണ അസിഡിറ്റി തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുക, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, അത്താഴത്തിന് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക, ഭക്ഷണത്തിന് ശേഷം മധുരം ചേർക്കാത്ത പെരുംജീരകം ചവയ്ക്കുക എന്നിവ ശീലിക്കുകയാണെങ്കില്‍ ഒരുപരിധി വരെ അസിഡിറ്റി കുറക്കാനായി സാധിക്കും. എങ്കിലും, ഇടയ്ക്കിടെ ആന്റാസിഡുകളെ ആശ്രയിക്കേണ്ടി വരുന്നതോ, വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ,ആഹാരം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക,ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കുന്നതോ യഥാർത്ഥ പ്രശ്നത്തെ മറച്ചുവെക്കാൻ മാത്രമേ സഹായിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അസിഡിറ്റി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ ഒരിക്കലും അനുവദിക്കരുത്. ശരീരം നൽകുന്ന ഈ അപായസൂചനകൾ അവഗണിക്കുന്നത് പിന്നീട് വലിയ അപകടങ്ങൾക്ക് കാരണമാകും. സാധാരണ ഗ്യാസ് ട്രബിൾ എന്ന് കരുതി സ്വയം ചികിത്സിക്കുന്നത് രോഗാവസ്ഥ സങ്കീർണ്ണമാക്കിയേക്കാം. അസിഡിറ്റി ജീവിതത്തിന്റെ ഭാഗമായി മാറുന്നുണ്ടെങ്കിൽ അത് ശരീരത്തിന്റെ അപകടസൂചനയായി കാണണം. കൂടാതെ അധികം വൈകാതെ ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തുന്നതും നല്ലതാണ്.

