തണ്ണിമത്തനില്‍ പാല് ചേര്‍ത്ത് കഴിക്കാറുണ്ടോ?; തണ്ണിമത്തനോടൊപ്പം കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍
വേനൽക്കാലത്ത് ശരീരത്തിന് ഏറ്റവും കൂടുതൽ ഉന്മേഷവും കുളിർമയും നൽകുന്ന ഒരു മികച്ച ഫലമാണ് തണ്ണിമത്തൻ. ഇതില്‍ ഏകദേശം 91 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും ഇത് ഏറെ സഹായിക്കുന്നു. കലോറി വളരെ കുറവായ തണ്ണിമത്തൻ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണ്. എന്നാൽ, അടുത്തിടെ മുംബൈയിൽ തണ്ണിമത്തനും ബിരിയാണിയും കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടതും, ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ച് 15 വയസുകാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതുമായ വാർത്തകൾ രാജ്യത്തുടനീളം വലിയ ഭീതി പരത്തിയിരിക്കുകയാണ്.ഏതൊരു പഴമായാലും അതിലെ പോഷകമൂല്യങ്ങൾ, കഴിക്കുന്ന സമയം, അതിനോടൊപ്പം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. തണ്ണിമത്തൻ വളരെ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിനോടൊപ്പം കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ വേണം. ചില ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് വയറുവീല്‍ക്കലിനും പുളിച്ചുതികട്ടിലിനും വരെ കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തണ്ണിമത്തനോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മുട്ട, ഇറച്ചി പോലുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തണ്ണിമത്തനോടൊപ്പം കഴിക്കുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തണ്ണിമത്തൻ വളരെ വേഗത്തിൽ ദഹിക്കുന്നതിനാല്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇവ ഒരുമിച്ച് കഴിക്കുന്നത് വയർ വീർക്കുന്നതിനും ദഹനക്കേടിനും കാരണമാകും.തണ്ണിമത്തൻ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് തണ്ണിമത്തനിൽ ഇതിനകം തന്നെ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് കഴിച്ചയുടൻ വീണ്ടും വെള്ളം കുടിക്കുന്നത് വയറ്റിലെ ദഹനരസങ്ങളെ ലഘൂകരിക്കുകയും വയറിന്റെ പിഎച്ച് അളവിനെ ബാധിക്കുകയും ചെയ്യും. ഇത് വയർ വീർക്കലിനും വയറിളക്കത്തിനും കാരണമായേക്കാം. കൂടാതെ, സമാനമായ എൻസൈമുകൾ അടങ്ങിയിട്ടുള്ള വെള്ളരിക്ക പോലുള്ള പച്ചക്കറികളും ഇതിനൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. പാൽ ഉൽപന്നങ്ങൾ തൈര്, പാൽ തുടങ്ങിയ പാൽ ഉൽപന്നങ്ങൾ ശരിയായി ദഹിക്കാൻ വയറ്റിൽ ആസിഡിന്റെ സാന്നിധ്യം ആവശ്യമാണ്. എന്നാൽ തണ്ണിമത്തനിലെ അമിതമായ വെള്ളം വയറ്റിലെ ആസിഡിന്റെ വീര്യം കുറയ്ക്കുന്നു. ഇവ രണ്ടിന്റെയും ദഹന സമയത്തിലുള്ള വ്യത്യാസവും ആസിഡ് ലെവലിലെ മാറ്റവും വയറിന് അസ്വസ്ഥത ഉണ്ടാക്കാം.അസിഡിറ്റിയുള്ള പഴങ്ങൾനാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പുളിയുള്ള ഭക്ഷണങ്ങള്‍ തണ്ണിമത്തനോടൊപ്പം കഴിക്കുന്നത് ഒഴിവാക്കാം. തണ്ണിമത്തനോടൊപ്പം പുളിയുള്ളതോ അല്ലെങ്കിൽ സിട്രസ് അടങ്ങിയതോ ആയ പഴങ്ങൾ കഴിക്കുന്നത് ചിലരിൽ നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകും. ചുരുക്കത്തിൽ, തണ്ണിമത്തൻ മറ്റൊന്നിനോടും ചേർക്കാതെ തനിയെ കഴിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മാത്രമല്ല, കൃത്യമായും ശ്രദ്ധയോടും കൂടി കഴിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. കൂടാതെ, എപ്പോഴും ഗുണനിലവാരമുള്ള ഭക്ഷണം മാത്രം വാങ്ങി കഴിക്കുക. നിങ്ങൾക്ക് ഏതെങ്കിലും ഭക്ഷണത്തോട് അലർജിയുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക, നിങ്ങളുടെ ഭക്ഷണക്രമത്തിൽ പുതിയതായി എന്തെങ്കിലും ഉൾപ്പെടുത്തുന്നതിന് മുൻപ് എപ്പോഴും ഒരു വിദഗ്ധന്റെ ഉപദേശം തേടുക. കാരണം നിങ്ങളുടെ ആരോഗ്യം എപ്പോഴും നിങ്ങളുടെ ഉത്തരവാദിത്തമാണ്.





