പൊലീസ് കേസെടുത്തിട്ടും വിവാദ ഫെയര്‍നെസ് ക്രീം എഫ്ട്യൂണ് ഓണ്‍ലൈനില്‍ സുലഭം
മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ഉണ്ടായ സംഭവത്തിലൂടെ വിവാദത്തിലായ ഫെയര്‍നെസ് ക്രീം ഇപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യം. പൊലീസ് കേസെടുത്തിട്ടും പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇപ്പോഴും ക്രീം വാങ്ങാന്‍ സാധിക്കും. ഓണ്‍ലൈനിലൂടെ ഇത്തരത്തില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത് നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ല. ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന ഉല്പന്നങ്ങള് പരിശോധിക്കാനും സംവിധാനമില്ല. ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തുന്ന പരിശോധനകള്‍ കടകളില്‍ മാത്രമാണ് ഒതുങ്ങുന്നത്. ഈ പഴുത് മുതലെടുത്താണ് ഓണ്‍ലൈനിലൂടെ ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത്. മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിലൂടെ പെണ്‍കുട്ടിക്ക് വൃക്കരോഗം ബാധിച്ചതില്‍ എഫ്ട്യൂണ് എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. അമിത മെര്‍ക്കുറി സാന്നിധ്യമുള്ള ക്രീമിന്റെ ഇരയായി, താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് മാപ്പിളപ്പാട്ട് ഗായകന് സലീം കോടത്തൂര്‍ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട പെണ്‍കുട്ടിയില്‍ നിന്ന് മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴിയെടുത്തതിനുശേഷമാണ് ഫേസ്ട്യൂണ് എന്ന ഫെയര്‍നെസ് ക്രീമിനെതിരെ അരീക്കോട് പൊലീസ് കേസെടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവരെങ്കിലും രക്ഷപ്പെടട്ടെ എന്നും പെണ്‍കുട്ടി പറയുന്നു.





