ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രശാന്തിനെ കൊല്ലം പൊലീസ് ക്ലബിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡ് മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.ക്രൈം ബ്രാഞ്ച് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജികുമാറിനെയും പി.എസ്. പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും ഇരുവരെയും ഹാജരാക്കുക. പി.എസ്. പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ ​അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പോലീസ് ക്ലബിലെത്തിയത്. തിരുവനന്തുപുരത്തേക്കുള്ള യാത്രക്കിടയിലാണ് കായംകുളം സ്വദേശിയായ അജികുമാറിനെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രശാന്ത് നേരത്തേ തന്നെ ഫേസ്ബുക്കിലൂടെ സൂചിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കരകുളത്തിന് സമീപത്തെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വര്‍ണം പൂശാനായി പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എസ്‌.ഐ.ടി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി.എസ്. പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി അറിയിച്ചിരുന്നു. 2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണക്കൊള്ള മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലുമുണ്ടായ അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയതായും എസ്‌.ഐടി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്നും താൻ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും പി.എസ്. പ്രശാന്ത് നേരത്തെ ഫേസ്ബുകിൽ കുറിച്ചിരുന്നു. എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റെന്നും പി.എസ്. പ്രശാന്ത് ചോദിക്കുന്നു. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ സമ്മർദമാണെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button