അഞ്ച് വര്‍ഷം, പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്ക് ചെലഴിച്ചത് 557 കോടിയിലേറെ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 557.51 കോടി രൂപ. 2021 മുതല്‍ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി 77 രാജ്യങ്ങളിലേക്ക് നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുകയാണിത്. രാജ്യസഭയില്‍ വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരറ്റയാണ് കണക്കുകള്‍ നല്‍കിയത്. എന്നാല്‍, സന്ദര്‍ശനങ്ങളില്‍ ഒപ്പുവെച്ച കരാറുകളിലൂടെയുണ്ടായ വിദേശ നിക്ഷേപത്തിന്റെ കണക്കുകള്‍ വ്യക്തമാക്കാന്‍ സർക്കാർ തയ്യാറായില്ല. 2021ല്‍ 36.12 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് ചെലവഴിച്ചത്. 2022ല്‍ 55.8 കോടി രൂപ, 2023ല്‍ 93.6 കോടി രൂപ, 2024ല്‍ 109.5 കോടി രൂപ, 2025ല്‍ 187.83 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. 2026ല്‍ ജൂലൈ വരെ മാത്രം 75 കോടി രൂപ ചെലവഴിച്ചെന്നും മറുപടിയില്‍ പറയുന്നു. ഈ കാലയളവില്‍ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. എന്നാല്‍ ഈ ധാരണാപത്രങ്ങളില്‍ എത്രയെണ്ണം പ്രായോഗികമായി നടപ്പിലാക്കിയെന്നത് വ്യക്തമാക്കിയിട്ടില്ല. എത്ര വിദേശ നിക്ഷേപം ലഭിച്ചു, രാജ്യത്ത് എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു, എത്ര പദ്ധതികള്‍ നടപ്പിലായി തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ മറുപടിയില്‍ ഉള്‍പ്പെടുത്തിയില്ല. പകരം 2021 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെ ഇന്ത്യക്ക് ലഭിച്ച ആകെ വിദേശ നിക്ഷേപം 381.8 ബില്യണ്‍ യുഎസ് ഡോളറാണെന്ന പൊതുവിവരം മാത്രമാണ് നല്‍കിയത്. ഇത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ മാത്രം ലഭിച്ചതെന്ന നിലയില്‍ അവതരിപ്പിക്കുന്നത് തെറ്റായകാര്യമാണെന്നും ഇവ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഫലമായി നേടിയതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും വിവരങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും വി. ശിവദാസന്‍ എംപി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ വകുപ്പുള്‍പ്പെടെയുള്ള ഇതരവകുപ്പുകള്‍ക്കും വിദേശത്തെ ഇന്ത്യന്‍ എംബസിക്കുമുണ്ടായ അനുബന്ധ ചെലവുകളുമൊന്നും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ യാത്രാചെലവ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ പലമടങ്ങ് കൂടുതലായിരിക്കും. രാജ്യത്തോട് സത്യസന്ധത പുലര്‍ത്താനും സുതാര്യമായ മറുപടികള്‍ നല്‍കാനും മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി. ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button