മഞ്ഞുമൂടിയ മൂന്നാറിന് നീലവസന്തം; മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി
ഇടുക്കി: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറം പകരുന്നു. മൂന്നാർ ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ മേഖലകളിൽ അപൂർവമായ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സ്ട്രോബിലാന്തസ് കുന്തിയാനം ഇക്കുറി നേരത്തെയെത്തിയതിന്റെ ആവേശത്തിലാണ് സഞ്ചാരികളും പ്രകൃതിസ്നേഹികളും. ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് നിലവിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ പൂത്തുനിൽക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പൂക്കാലം വ്യാപിക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി വസന്തം മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്നതിനൊപ്പം ഹൈറേഞ്ചിലെ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.





