മൂന്നാറിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാക്കൾക്കെതിരെ കേസ്
മൂന്നാർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് രണ്ട് ദിവസം പീഡിപ്പിച്ചതായി പരാതി. മൂന്നാറിലെ ഒരു ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശികളായ യുവാക്കളാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. പെൺകുട്ടികളുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതികൾ ആദ്യം സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് മൂന്നാറിൽ എത്തിയ ഇവർ ഒരു ലോഡ്ജ് മുറി എടുക്കുകയും, സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിക്കുകയുമായിരുന്നു. ഇവിടെ വെച്ച് രണ്ട് ദിവസത്തോളം കുട്ടികളെ പീഡിപ്പിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.തുടർച്ചയായി രണ്ട് ദിവസം കുട്ടികൾ ക്ലാസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഹോസ്റ്റലിൽ നിന്ന് കൃത്യസമയത്ത് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് അധ്യാപകർ നടത്തിയ വിവരശേഖരണത്തിലാണ് കുട്ടികൾ നേരിട്ട അതിക്രമം വ്യക്തമായത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.സംഭവം അറിഞ്ഞയുടൻ തന്നെ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടികളെ എത്തിച്ചതായി പറയപ്പെടുന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു വരികയാണ്. പ്രതികളായ തമിഴ്നാട് സ്വദേശികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇവരെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘമെന്നും അധികൃതർ വ്യക്തമാക്കി.





