പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്; നവജാതശിശുവിനെ വിറ്റു; എട്ടുപേര്‍ അറസ്റ്റില്‍
റായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വിറ്റെന്ന് പരാതി. കേസില്‍ പതിനാറുകാരിയുടെ പിതാവ്, പിതാവിന്റെ സഹോദരി, പ്രസവത്തിന് സഹായിച്ച നഴ്‌സ്, കുഞ്ഞിനെ വാങ്ങിയ ആള്‍ ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… 2023ല്‍ പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനെയും മൂന്ന് പെണ്‍മക്കളെയും ഉപേക്ഷിച്ചുപോയതിന് ശേഷമാണ് പീഡനം തുടങ്ങുന്നത്. ന്യൂ രാജേന്ദ്ര നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബന്ധുവീട്ടില്‍ വെച്ച് മക്കളില്‍ മൂത്തവളായ പെണ്‍കുട്ടിയെ മുപ്പത്തിയെട്ടുകാരനായ പിതാവ് ആദ്യം ബലാത്സംഗത്തിനിരയാക്കി. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും അയാള്‍ മകളെ ഭീഷണിപ്പെടുത്തി. അതിന് ശേഷവും പിതാവ് പീഡനം തുടര്‍ന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം അവള്‍ പിതാവിന്റെ സഹോദരിയെ അറിയിച്ചു. അവര്‍ വിവരം പെണ്‍കുട്ടിയുടെ പിതാവിനോട് പറയുകയും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദിച്ച് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിപ്പിക്കുകയും തത്ഫലമായി ഗര്‍ഭം അലസുകയും ചെയ്തു. തുടർന്നും പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 2025ല്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി. പിതാവും പിതൃസഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ വര്‍ഷ മണ്ഡല്‍ എന്ന നഴ്‌സിന്റെ വീട്ടിലാക്കി. വര്‍ഷ അവളുടെ ബന്ധുവായ ഗീത റായി എന്ന നഴ്‌സിന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ മാറ്റി. രണ്ട് മാസത്തോളം പെണ്‍കുട്ടി ആ വീട്ടിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും അവള്‍ വിവാഹിതയാണെന്നുമാണ് ഗീത റായി മറ്റുള്ളവരോട് പറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രസവസമയമടുത്തപ്പോള്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജ രേഖകള്‍ ഉപയോഗിച്ച് റായ്പൂരിലെ ഡംഗാനിയ പ്രദേശത്തുള്ള ആശുപത്രിയില്‍ അവളെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. പ്രസവശേഷം ഡോക്ടറും പെണ്‍കുട്ടിയുടെ പിതാവും മറ്റ് പ്രതികളും ചേര്‍ന്ന് നവജാതശിശുവിനെ മറ്റൊരാള്‍ക്ക് വിറ്റു. 15 ദിവസത്തോളം പെണ്‍കുട്ടി ആശുപത്രിയില്‍ തുടരുകയും ശേഷം പിതാവ് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി സമൂഹമാധ്യമം വഴി അമ്മയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. തുടര്‍ന്ന് അമ്മയും മകളും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തുവരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗം, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഗര്‍ഭം അലസുന്നതിന് കാരണമായ പ്രവര്‍ത്തികള്‍ ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ന്യൂ രാജേന്ദ്ര നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെയും വകുപ്പുകളും ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി, രോഹിത് കുമാര്‍ റായി (35), അയാളുടെ ഭാര്യ യോഗിത റായി എന്ന ഗീത റായി (32), സ്വകാര്യ ആശുപത്രിയിലെ സൂപ്പര്‍വൈസറായ സാഹേബ് മണ്ഡല്‍ (42), അയാളുടെ ഭാര്യ വര്‍ഷ മണ്ഡല്‍ (34), നവജാതശിശുവിനെ വാങ്ങിയയാള്‍, മറ്റൊരു സ്ത്രീ എന്നിങ്ങനെ എട്ടുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.





