ലോക ചാമ്പ്യനെ മലർത്തിയടിച്ച് അമൻ സെഹ്റാവത്ത്; ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണം, മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്
ഐച്ചി-നഗോയ: ഏഷ്യൻ ഗെയിംസ് ഗുസ്തി ഗോദയിൽ ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും സ്വർണത്തിളക്കം. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നിലവിലെ ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ അട്ടിമറിച്ച് ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സ്വർണം കരസ്ഥമാക്കി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 11-7 എന്ന സ്കോറിനാണ് അമൻ ലോക ചാമ്പ്യനെ അടിയറവ് പറയിച്ചത്. തുടക്കത്തിൽ തന്നെ ലീഡ് സ്വന്തമാക്കിയ അമനെതിരെ, പരിക്കിനെ തുടർന്ന് ലഭിച്ച ഇടവേളയ്ക്ക് ശേഷം ഉത്തര കൊറിയൻ താരം ശക്തമായി തിരിച്ചടിച്ചിരുന്നു. തുടർന്ന് പിന്നിലായിപ്പോയ അമൻ, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ എതിരാളിയെ മലർത്തിയടിച്ച് സ്വർണം ഉറപ്പിക്കുകയായിരുന്നു. 2022-ൽ നടന്ന ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ അമൻ വെങ്കലം നേടിയിരുന്നു. അതേസമയം, വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ആന്റിം പംഗൽ വെള്ളി മെഡൽ കരസ്ഥമാക്കി. ഫൈനലിൽ ജപ്പാന്റെ മുൻ ലോക ചാമ്പ്യൻ മോയെ കിയൂക്കയോടാണ് ആന്റിം പരാജയപ്പെട്ടത് (9-1). ഇതോടെ ഈ ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. നേരത്തെ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ സുജീത് സ്വർണം നേടിയിരുന്നു. നിതേഷ് (ഗ്രീക്കോ റോമൻ 97 കിലോഗ്രാം- വെള്ളി), ദീപക് പുനിയ (ഫ്രീസ്റ്റൈൽ 97 കിലോഗ്രാം- വെങ്കലം), സുനിൽ കുമാർ (ഗ്രീക്കോ റോമൻ 87 കിലോഗ്രാം- വെങ്കലം) എന്നിവരാണ് ഗുസ്തിയിലെ മറ്റ് ഇന്ത്യൻ മെഡൽ ജേതാക്കൾ. ശനിയാഴ്ച ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സുവർണ ദിനമായിരുന്നു. അമൻ സെഹ്റാവത്തിന് പുറമെ, പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഇന്ത്യ സ്വർണം നേടിയിരുന്നു. വനിതകളുടെ റിക്കർവ് ആർച്ചറി വ്യക്തിഗത ഇനത്തിൽ കുംകും മൊഹോദും, വനിതാ ഗോൾഫിൽ പ്രണവി ഉർസും ചരിത്ര സ്വർണം നേടിയത് ഇന്ത്യയുടെ കുതിപ്പിന് കരുത്തേകി. അമ്പെയ്ത്തിൽ നീരജ് ചൗഹാൻ വെങ്കലവും, ഗോൾഫ് വനിതാ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. തുടർച്ചയായ ഈ സ്വർണനേട്ടങ്ങളോടെ മെഡൽ പട്ടികയിൽ ഉസ്ബെക്കിസ്താനെ പിന്നിലാക്കി ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചു. നിലവിൽ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം 85 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.




