നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.യുവ നടിക്കെതിരായ ലൈംഗികാതിക്രമവും ദൃശ്യങ്ങൾ പകർത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അതീവ ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും അത് നടപ്പാക്കിയ രീതിയും പരിഗണിക്കുമ്പോൾ ശിക്ഷാവിധി മരവിപ്പിക്കാൻ ആവശ്യമായ അസാധാരണ സാഹചര്യങ്ങളൊന്നും പ്രതികൾക്ക് തെളിയിക്കാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.ഇതിന് മുമ്പ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനാകില്ലെന്നും, സമൂഹത്തിൽ സൃഷ്ടിച്ച ആഘാതം കണക്കിലെടുക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാനുള്ള സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇരയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ തെളിവുകൾ ഉൾപ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ശരിവയ്‌ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണം വാങ്ങി ആസൂത്രിതമായി നടിയെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്‌ക്കുമെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.





