കണ്ണൂരിലെ സ്കൂളുകളിൽ വൻ ക്രമക്കേട്: വിദ്യാർഥികളുടെ വ്യാജ കണക്ക് കാണിച്ച് തട്ടിപ്പെന്ന് വിജിലൻസ്
.കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ സ്കൂളുകളിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ . വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ . യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ച ഭക്ഷണം എന്നിവയ്ക്ക് വിദ്യാർഥികളുടെ വ്യാജ കണക്ക് കാണിച്ച് സർക്കാരിൽ നിന്നും സാമ്പത്തികം കൈപ്പറ്റി. തസ്തികകൾ നിലനിർത്താനും സർക്കാരിൽ നിന്ന് അനധികൃതമായി സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റാനുമാണ് തട്ടിപ്പ് നടത്തിയത്.ഹാജർ പട്ടികയിലും അഡ്മിഷൻ രജിസ്റ്ററിലും മറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയെന്നും കണ്ടെത്തൽ. 11 സ്കൂളുകളിൽ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.50 വിദ്യാർഥികളുള്ള സ്കൂളുകളിൽ എണ്ണം ഇരട്ടിയാക്കി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും പഠിക്കുന്ന കുട്ടികളുടെ പേരുകൾ ഹാജർ പട്ടികയിലും അഡ്മിഷൻ രജിസ്റ്ററിലും വ്യാജമായി ചേർക്കുകയായിരുന്നു. വ്യാജ കണക്കുകൾ കാണിച്ച് പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയ്ക്കുള്ള സർക്കാർ സഹായം തട്ടിയെടുത്തു. കൂടാതെ മാനേജ്‌മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമന കോഴ വാങ്ങാനും ഇത് ഉപയോഗിച്ചു.വിജിലൻസിന്റെ ‘ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്’ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത്, തളിപ്പറമ്പ് സൗത്ത്, ഇരിക്കൂർ തുടങ്ങിയ ഉപജില്ലകളിലെ 11 സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. കുറ്റക്കാരായ സ്കൂളുകൾക്കെതിരെ കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.





