ഗൂഡല്ലൂരിൽ 48 മണിക്കൂർ ഹർത്താൽ ആരംഭിച്ചു
ഗൂഡല്ലൂർ : 13 ദിവസത്തിനിടെ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് വിവിധ രാഷട്രീയ പാർടികളും വ്യാപാരി-സന്നദ്ധ സംഘടനകളും ഗുഡല്ലൂർ മണ്ഡലത്തിൽ ആഹ്വാനം ചെയ്ത 48 മണിക്കൂർ ഹർത്താൽ ആരംഭിച്ചു. ഗൂഡല്ലൂരിലെ ഭൂമിപ്രശ്നത്തിന് പരിഹാരം കാണുക, കടുവ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം വർധിപ്പിച്ച് നൽകുക, പൊലീസ് പിടികൂടിയവരെ വിട്ടയ്ക്കുക, കടുവ സാന്നിധ്യമുളള പ്രദേശങ്ങളിലെ സാളും ഭൂമി കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് തുറക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് ഹർത്താൽ. വ്യാഴം രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ ശനി രാവിലെ ആറിനാണ് അവസാനിക്കുക.
പ്രതിഷേധിച്ചവർക്കെതിരെ വനം, പൊലീസ് അധികൃതർ ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ അറസ്റ്റും ചെയ്തു. വഴികടവ് നാടുകാണി ചുരംവഴി ഗുഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു. ഓണം പ്രമാണിച്ച് ഊട്ടി, മൈസൂർ, ബംഗളുരു പ്രദേശത്തേക്ക് സഞ്ചരിച്ച വാഹനങ്ങളും തിരിച്ചയച്ചു. കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടച്ചു.
സർക്കാർ ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ ഹാജരും കുറവായിരുന്നു. ഇരു ചക്രവാഹനങ്ങൾ മുതൽ സ്വകാര്യ ബസുകൾ വരെയുള്ള ഭൂരിഭാഗം വാഹനങ്ങളും പുറത്തിറങ്ങിയില്ല. ഓട്ടോകളും ജീപ്പുകളും സർവീസ് നടത്തിയില്ല.
ഗ്രാമ-നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. തേയിലത്തോട്ട മേഖലകളിലും ഹർത്താലിന് വ്യാപക പിന്തുണ ലഭിച്ചു. കാർ യാത്രക്കാരായ മലയാളികൾക്കു നേരെ നാടുകാണി റോഡിലെ ഇരുമ്പുപാലത്തിന് മുകളിൽ നിന്നുണ്ടായ കല്ലേറിൽ 12 വയസ്സുകാരിക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. ഗുഡല്ലൂർ, മസിനഗുഡി, നാടുകാണി, ദേവാല, പന്തല്ലൂർ തുടങ്ങിയ പ്രധാന ടൗണുകളിലെ കടകൾ പൂർണമായും അടഞ്ഞുകിടന്നു. നീലഗിരി ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ കടകൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുന്നുണ്ട്.





