ഹാഫ് മന്തിക്ക് അധികം റൈസ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് മർദനം; കടയുടമയ്ക്കെതിരെ പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്തിയോടൊപ്പം അധിക റൈസ് ആവശ്യപ്പെട്ടതിന് വിദ്യാർഥികൾക്ക് മർദനമേറ്റതായി പരാതി. തിരുവനന്തപുരം ആക്കുളത്തുള്ള ക്യാപിറ്റൽ മന്തിക്കെതിരെയാണ് പരാതി. പാച്ചല്ലൂർ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവർക്കാണ് മർദനമേറ്റത്. പിന്നാലെ, കടയുടമയ്ക്കെതിരെ വിദ്യാർഥികൾ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫുൾ മന്തിക്ക് മാത്രമേ അൺലിമിറ്റഡ് റൈസ് ഉള്ളൂവെന്ന് ഹോട്ടലുകാർ നേരത്തേ അറിയിച്ചതിനെ തുടർന്ന് കുട്ടികൾ ഹാഫ് മന്തിയാണ് ഓർഡർ ചെയ്തിരുന്നത്. ഭക്ഷണം കഴിച്ച ശേഷം കൂടുതൽ റൈസ് ചോദിച്ചതിനെ ചൊല്ലി തർക്കവും ബഹളവുമുണ്ടാകുകയും, ഹോട്ടൽ അധികൃതർ പൊതിരെ തല്ലിയെന്നുമാണ് വിദ്യാർഥികളുടെ പരാതിയിലുള്ളത്. അധിക റൈസ് പണം നൽകി വാങ്ങാനായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർഥികൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. മർദനമേറ്റവരിൽ മൂന്നുപേർ സഹോദരങ്ങളും ഒരാൾ കസിനുമാണ്.





