സുകുമാരക്കുറുപ്പെന്ന വ്യാജപ്രചാരണം: ഗൂഡാലോചന അന്വേഷിക്കും; ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വ്യാജപ്രചാരണം നേരിടേണ്ടിവന്ന തൃശൂർ സ്വദേശി ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈകമീഷൻ നോർക്ക മുഖേന കേരള സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കാൻ കുടുംബം തയാറല്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകും. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയാറല്ലെന്നും സർക്കാർ സംരക്ഷണം നല്‍കണമെന്നുമായിരുന്നു ഹൈകമീഷന്‍റെ ആവശ്യം. ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് ദാമോദര മേനോൻ സുകുമാര കുറുപ്പാണെന്ന വ്യാജ പ്രചാരണം ഉണ്ടായത്. ബ്രൂണെയിലുള്ളത് സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോൻ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം. അദ്ദേഹവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഫോണിൽ സംസാരിച്ചിരുന്നു. നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്ന കാര്യം ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button