ട്രെയിനിൽ ടിക്കറ്റില്ലാതെ ‘സുഖയാത്ര’! കേരളത്തിൽ 16 മണിക്കൂറിനിടെ പൊക്കിയത് 725 പേരെ, 5.66 ലക്ഷം പിഴ
തിരുവനന്തപുരം: അനധികൃത യാത്രക്കാരെ കണ്ടെത്താൻ റെയിൽവേ നടത്തിയ മിന്നൽ പരിശോധനയിൽ 725 പേരെ പിടികൂടി. ഞായറാഴ്ച വൈകീട്ട് നാല് മുതൽ തിങ്കൾ രാവിലെ എട്ട് വരെ 16 മണിക്കൂറിൽ വിവിധ സെക്ഷനുകളിൽ ഒരേ സമയത്താണ് പ്രത്യേക പരിശോധന നടന്നത്. പിടിയിലായവരിൽനിന്ന് 5.66 ലക്ഷം രൂപ പിഴ ഈടാക്കി. കോട്ടയം-എറണാകുളം, ആലപ്പുഴ-എറണാകുളം, എറണാകുളം-ഗുരുവായൂർ സെക്ഷനുകളിലാണ് കൂടുതൽ കേസുകൾ പിടികൂടിയത്. 426 കേസുകളിലായി 3,70,225 രൂപ പിഴ ചുമത്തി. തിരുവനന്തപുരം-കായംകുളം സെക്ഷനിൽ 148 കേസുകൾ കണ്ടെത്തി. 1,00,460 രൂപയാണ് ഇവിടെ പിഴ ഈടാക്കിയത്. കൊല്ലം സ്ക്വാഡ് 106 കേസുകളും (65,245 രൂപ), നാഗർകോവിൽ സ്ക്വാഡ് 45 കേസുകളും (30,280 രൂപ) രജിസ്റ്റർ ചെയ്തു.





