കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ വികാരി ജനറൽ ഫാ. ഇമ്മാനുവൽ കല്ലറക്കൽ അന്തരിച്ചു
ഡബ്ലിൻ (അയർലൻഡ്): കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സിഎസ്സി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനികമായ സന്ദർശനം നടത്തുന്നതിനായി എത്തിയ ഫാ. ഇമ്മാനുവലിനു ശനിയാഴ്ച വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭൗതികദേഹം അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തും.
1956ൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് ഫാ. ഇമ്മാനുവൽ ജനിച്ചത്. പരേതനായ ഫാ. ജയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ രണ്ട് പേർ സന്യാസിനിമാരാണ്.
ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രോവിൻഷ്യലായും, അതിനുമുൻപ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു. അഗർത്തല ഹോളി ക്രോസ് കോളജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്ക് 2015ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) ‘ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
2022ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇൻഡ്യാനയിൽ മിഡ്വെസ്റ്റ് പ്രൊവിൻസിനു കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു.
ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്





