ബൈക്ക് വാങ്ങണം, പിറന്നാൾ ആഘോഷിക്കണം; സ്വർണമാലയ്ക്കായി സുഹൃത്തിനെ കൊന്നു
മുംബൈ:പിറന്നാൾ ആഘോഷിക്കാനും ബൈക്ക് വാങ്ങാനും പണം കണ്ടെത്താൻ സ്വർണമാലയ്ക്കായി സുഹൃത്തിനെ കൊലപ്പെടുത്തി രണ്ട് കൗമാരക്കാർ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രജ്യോത് എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ 24ന് വൈകിട്ട് ഏഴുമണിയോടെയാണ് താനെയിലെ ആസാദ് നഗർ സ്വദേശിയായ പ്രജ്യോതിനെ കാണാതായത്. പിറ്റേന്ന് പിതാവ് പൊലീസിൽ പരാതി നൽകി.തുടർന്ന് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രജ്യോതിന്റെ ഒരു സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. തിരിച്ചറിയാത്ത ഒരു ആൺകുട്ടിക്കൊപ്പം ബൈക്കിൽ ഘോഡ്ബന്ദർ ഭാഗത്തേക്ക് പോയെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, യാത്രാമാർഗത്തിലെ 80 മുതൽ 90 വരെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മൊഴി തെറ്റാണെന്ന് കണ്ടെത്തി.തുടർന്ന് മൊബൈൽ ലൊക്കേഷൻ വിവരങ്ങളും മറ്റ് സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി വീണ്ടും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പ്രജ്യോത് ധരിച്ചിരുന്ന സ്വർണമാല കൈക്കലാക്കാനാണ് സുഹൃത്തുക്കൾ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഒരാൾക്ക് പിറന്നാൾ ആഘോഷിക്കാനായിരുന്നു പണം വേണ്ടിയിരുന്നത്. മറ്റൊരാൾക്ക് ബൈക്ക് വാങ്ങാനും.സെപ്റ്റംബർ 24ന് പുകവലിക്കാനെന്ന വ്യാജേന ഇരുവരും പ്രജ്യോതിനെ താനെയിലെ ബ്രഹ്മണ്ട് ഫേസ് 2ന് സമീപമുള്ള കുറ്റിക്കാടുകൾ നിറഞ്ഞ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് കത്തികൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.തെളിവ് നശിപ്പിക്കാനായി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രജ്യോതിന്റെ മൊബൈൽ ഫോൺ ബസിനുള്ളിലേക്ക് എറിഞ്ഞതായും പൊലീസ് പറഞ്ഞു.ദൃശ്യം സിനിമയിലേതിന് സമാനമായി പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.എന്നാൽ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചതോടെ പ്രതികളുടെ പദ്ധതി പൊളിയുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





