രണ്ടാഴ്ചയ്ക്കിടെ നാലാം തവണ; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില ഇനിയും 20 രൂപയോളം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിൽ വീണ്ടും ഘട്ടംഘട്ടമായി ഇന്ധന വില വർധിച്ചേക്കുമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക്കുകൂലി കൂട്ടാൻ ഇടയാക്കിയേക്കും. ഇത് പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന ആശങ്കയിലാണ് ജനം. പ്രതിസന്ധി കണക്കിലെടുത്ത് വിദേശയാത്രകൾ കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡൽഹി പോലുള്ള സ്ഥലങ്ങളിൽ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ രണ്ടുദിവസം ‘വർക്ക് ഫ്രം ഹോം’ നിർബന്ധമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button