തെരുവിൽ യാചകനായി വേഷമിട്ട് 3,000 കോടിയിലധികം ആസ്തിയുള്ള മഹാരാഷ്ട്ര എംഎൽഎ ; പിന്നീട് സംഭവിച്ചത്!

മുംബൈ: 3,000 കോടിയിലധികം ആസ്തിയുള്ള മുംബൈയിലെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധികളിൽ ഒരാളായ എംഎൽഎ യാചകന്‍റെ വേഷം കെട്ടി മണിക്കൂറുകളോളം തെരുവിൽ അലഞ്ഞുനടന്നു. മഹാരാഷ്ട്രയിലെ ഘാട്കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ പരാഗ് ഷായാണ് തിങ്കളാഴ്ച ഘാട്കോപ്പറിലെ തെരുവുകളിൽ ഭിക്ഷാടകനായി വേഷം മാറി നടന്ന് എല്ലാവരെയും അമ്പരപ്പിച്ചത്. മണിക്കൂറുകളോളം തെരുവിലൂടെ നടന്നിട്ടും നാട്ടുകാർ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. റോഡുകളിലൂടെ നടന്ന് ആളുകളോട് ഭക്ഷണത്തിനും പണത്തിനുമായി യാചിക്കുന്ന ജനപ്രതിനിധിയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു ദിവസം യാചകനെപ്പോലെ ജീവിക്കാനും മുംബൈയിൽ താമസിക്കുന്ന ഒരു ദരിദ്രന്റെ ദൈനംദിന ബുദ്ധിമുട്ടുകൾ അനുഭവിക്കാനും ജൈന ഗുരുവായ നമ്ര മുനി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഷാ ഭിക്ഷാടകനായത്. കോടീശ്വരനായ പരാഗ് ഷാ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കാറുകളും വിലകൂടിയ വസ്ത്രങ്ങളും ഉപേക്ഷിച്ച് യാചകന്‍റെ വേഷം ധരിച്ചു, ഘാട്‌കോപ്പറിന്‍റെ തെരുവുകളിൽ മണിക്കൂറുകളോളം അദ്ദേഹം യാചകനായി അലഞ്ഞു. ആരോ ഇട്ടുകൊടുത്ത ചില്ലറത്തുട്ടുകൾ കൊണ്ട് ഭക്ഷണം കഴിച്ചു. ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരുന്നു. പിന്നീട് ഭിക്ഷക്കാരനായി വേഷമിട്ടതിന് ശേഷമുള്ള അനുഭവം അദ്ദേഹം തന്‍റെ ആത്മീയ ഗുരുവിനോടും ജനങ്ങളോടും പങ്കുവയ്ക്കുകയും ചെയ്തു.”ഇത് എന്റെ ഗുരുവിന്റെ കല്പനയായിരുന്നു, അതുകൊണ്ടാണ് ഒരു ദിവസത്തേക്ക് ഭിക്ഷാടകന്റെ വേഷത്തിൽ ഞാൻ ഘാട്കോപ്പറിൽ അലഞ്ഞുതിരിഞ്ഞത്. ഗുരു പറഞ്ഞത് എന്താണെങ്കിലും അത് എന്റെ നന്മയ്ക്കായിരിക്കും,” അദ്ദേഹം പറഞ്ഞു. പണവും പ്രശസ്തിയും അധികാരവും ഏതൊരാളിലും അഹങ്കാരം വളർത്തുമെന്നും, ഈ അഹങ്കാരത്തെ ഇല്ലാതാക്കാനും തന്നെ എപ്പോഴും വിനയാന്വിതനാക്കി നിർത്താനും ഈ അനുഭവം സഹായിച്ചുവെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.”ഭിക്ഷാടകന്റെ വേഷത്തിൽ എന്റെ സ്വന്തം ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ചെന്നപ്പോൾ, എന്റെ സ്വന്തം വാച്ച്മാൻ തന്നെ എന്നെ പുറത്തേക്ക് തള്ളിമാറ്റി,” അദ്ദേഹം വെളിപ്പെടുത്തി. “ആളുകളെ ഇടയ്ക്കിടെ സഹായിക്കുകയും എനിക്ക് എപ്പോഴും എന്തെങ്കിലും നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തുണ്ട്. എന്നാൽ ഭിക്ഷാടകന്റെ വേഷത്തിൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ ചെന്നപ്പോൾ, എന്നെ ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്. മനുഷ്യരെയല്ല, മറിച്ച് ആളുകൾ പണത്തെയും പദവിയെയും അധികാരത്തെയുമാണ് വിലമതിക്കുന്നത് എന്ന കടുത്ത യാഥാർത്ഥ്യമാണ് ഈ സംഭവങ്ങൾ തന്നെ പഠിപ്പിച്ചതെന്ന് ഷാ പറഞ്ഞു.”എങ്കിലും മുംബൈയിൽ മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല. ചില ചെറുപ്പക്കാർക്ക് എന്നോട് സഹതാപം തോന്നുകയും എനിക്ക് 20 രൂപ നൽകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. മേക്കപ്പ് നീക്കം ചെയ്ത ശേഷം ഭിക്ഷ ഇരുന്ന അതേ സ്ഥലങ്ങളിൽ അദ്ദേഹം വീണ്ടും പോവുകയും മുമ്പ് കണ്ടുമുട്ടിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്തു. വിശപ്പടക്കാനായി മറ്റുള്ളവരെ ആശ്രയിക്കുന്ന ആളുകളുടെ ജീവിതവും ബുദ്ധിമുട്ടുകളും നിരീക്ഷിക്കാൻ ആ അനുഭവം അദ്ദേഹത്തിന് അവസരം നൽകി.മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഷാ. 2024 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്ക് 3,383 കോടിയിലധികം ആസ്തികൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര നിയമസഭയിൽ എത്തുന്നതിനു മുമ്പ്, ഷാ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കോർപ്പറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button