വെള്ളം ആവിയായിപ്പോകുന്നു’; ജലക്ഷാമത്തിന് വിചിത്ര കാരണവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡല്‍ഹി: തലസ്ഥാനത്തെ രൂക്ഷമായ ജലക്ഷാമത്തിന് കാരണം കടുത്ത ചൂടിൽ പൈപ്പുകളിലൂടെ വരുന്ന വെള്ളം ആവിയായിപ്പോകുന്നതാണെന്ന മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ പ്രസ്താവന വിവാദത്തിൽ. ഒരു ബിജെപി പരിപാടിയിൽ സംസാരിക്കവെ രേഖാ ഗുപ്ത നടത്തിയ പരാമർശത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമമായ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ജനങ്ങൾക്ക് വലിയ രീതിയിൽ ജലക്ഷാമം നേരിടുന്നുണ്ട്. ഇത്രയും കടുത്ത ചൂടുള്ളപ്പോൾ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഒരു ഭാഗം വഴിമധ്യേ ആവിയായിപ്പോകുന്നു. അതുകൊണ്ടാണ് ജലക്ഷാമം ഉണ്ടാകുന്നത് ”- ഇങ്ങനെയായിരുന്നു രേഖാ ഗുപ്തയുടെ വാക്കുകൾ. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പരിഹാസവും വിമർശനവുമായി പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. മുൻ ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, കോൺഗ്രസ് വക്താവ് രാഗിണി നായക് എന്നിവർ ഈ വിശദീകരണത്തെ ചോദ്യം ചെയ്തു. “വിഡ്ഢിത്തത്തിന് ഒരു അതിരൊക്കെ വേണം” എന്നാണ് രാഗിണി നായക് എക്സിൽ കുറിച്ചത്. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ശാസ്ത്രജ്ഞരെപ്പോലെയുള്ള ഒട്ടനവധി മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജ്യത്തുണ്ടെന്നും ഇതാ കുടിവെള്ള ക്ഷാമം സംബന്ധിച്ച ശാസ്ത്രീയ കണ്ടെത്തലുകളുമായി നമ്മുടെ സ്വന്തം രേഖ ഗുപ്ത’ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ പരിഹാസം. സമൂഹമാധ്യമങ്ങളിലും രേഖ ഗുപ്തയുടെ വിഡിയോയ്ക്ക് വ്യാപക വിമര്‍ശനം നിറയുന്നുണ്ട്. അതേസമയം, കടുത്ത ചൂടിൽ ജലാശയങ്ങളിലെയും കനാലുകളിലെയും വെള്ളം ഒരു പരിധി വരെ ആവിയാകുമെങ്കിലും ഡൽഹി പോലുള്ള ഒരു വലിയ നഗരത്തിലെ ജലക്ഷാമത്തിന് കാരണം അതല്ല. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ആവശ്യകതയും, പൈപ്പ് ലൈനുകളിലെ ചോർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണം, വിതരണത്തിലെ പാളിച്ച, സര്‍ക്കാരിന്റെ ഏകോപനമില്ലായ്മ തുടങ്ങിയവയാണ് ഡൽഹിയിലെ പ്രതിസന്ധിക്ക് കാരണായി ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button