കൊൽക്കത്തയിൽ ദുർഗ പൂജ പന്തലിൽ തിക്കിലും തിരക്കിലും 19 മരണം; 25ലധികം പേർക്ക് പരിക്ക്

കൊൽക്കത്ത: കൊൽക്കത്തയിലെ ചോർബഗാൻ സാർവപൗമിൻ ദുർഗ പൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പന്തലിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതും തെറ്റായ അനൗൺസ്‌മെന്റുകളും കനത്ത മഴയെത്തുടർന്നുണ്ടായ പരിഭ്രാന്തിയുമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.കനത്ത മഴ പെയ്തപ്പോൾ ആളുകൾ കൂട്ടത്തോടെ പന്തലിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതും ജനക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കിൽ പന്തൽ തകർന്നുവീഴുമെന്ന തരത്തിൽ മൈക്കിലൂടെ മുന്നറിയിപ്പ് നൽകിയതുമാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പൂജ കമ്മിറ്റി ഭാരവാഹികളായ രാജ് കുമാർ സേവ്‍ദ, ശാന്തനു ദുബെ എന്നിവരുൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.ദുരന്തത്തെ തുടർന്ന് പൂജ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ഭാരവാഹികളും രാജിവെച്ചു. കൊൽക്കത്ത പൊലീസ് പ്രദേശത്ത് ബിഎൻഎസ് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. പന്തലിന് ചുറ്റുമുള്ള എല്ലാ ഒത്തുകൂടലുകളും നിരോധിച്ചു.ദുരന്തസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി പരിക്കേറ്റ് കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ ഓരോ വ്യക്തിക്കും 5 ലക്ഷം രൂപ വീതം നൽകുമെന്നും മുഴുവൻചികിത്സാ ചെലവും വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button