20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

ഹൈദരാബാദ്: വിജയവാഡയിൽ 20 രൂപ വിലയുള്ള കുപ്പിവെള്ളം മോഷ്ടിച്ചെന്നാരോപിച്ച് തെലങ്കാന സ്വദേശിയായ യുവാവിനെ നാട്ടുകാരും കടജീവനക്കാരും ചേർന്ന് അടിച്ചുകൊന്നു. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ മാസ സായ് കുമാർ (33) ആണ് ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ വിജയവാഡയിലെ പട്ടാമറ്റ പൊലീസ് അറസ്റ്റ് ചെയ്തു. യാദാദ്രി-ഭുവനഗിരിയിലെ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിൽ ജീവനക്കാരനായിരുന്ന സായ് കുമാർ, ജോലി ആവശ്യത്തിനായി വിശാഖപട്ടണത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഒക്ടോബർ 18-നാണ് താൻ വിജയവാഡയിലുണ്ടെന്ന് സായ് കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് അറിയിക്കുന്നത്. അന്ന് രാത്രി വൈകി പട്ടാമറ്റ ഡോങ്ക റോഡിലെ ഷോപ്പിൽ നിന്നാണ് സായ് കുമാർ കുപ്പിവെള്ളം മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപിക്കപ്പെടുന്നത്. ആ സമയത്ത് കടയിലെത്തിയ പാൽ വിതരണ വാനിലെ ഡ്രൈവർ സംഭവം ശ്രദ്ധയിൽപ്പെടുത്തുകയും കടയിലെ ജീവനക്കാരനായ രവിശങ്കറിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് രവിശങ്കർ സായ് കുമാറിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വന്ന് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. സമീപത്തെ മദ്യഷോപ്പിലെ ജീവനക്കാരനായ അയ്യപ്പയും ഇതിൽ പങ്കാളിയായി. തുടർന്ന് ഇരുവരും ചേർന്ന് സായ് കുമാറിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി സമീപത്തെ ലൈറ്റ് പോസ്റ്റിൽ തറയ്ക്കുകയും കഷണങ്ങളും വടികളും ഉപയോഗിച്ച് ക്രൂരമായി അടിയ്ക്കുകയും ചെയ്തു. പിന്നീട് സംഭവസ്ഥലത്തെത്തിയ പോത്തൻഷെട്ടി നവീൻ, സായ് പ്രണീത് എന്നിവരും മർദ്ദനത്തിൽ പങ്കാളികളായി. ഏകദേശം രണ്ട് മണിക്കൂറോളം നാലംഗ സംഘം യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ജീവനായി കരഞ്ഞപേക്ഷിച്ചിട്ടും അക്രമികൾ മർദ്ദനം തുടർന്നു. ഒടുവിൽ സായ് കുമാർ ബോധരഹിതനായി വീണതോടെ നാലുപേരും സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. രാവിലെ വിവരമറിഞ്ഞെത്തിയ പൊലീസാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തെ സിസിടിവിദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പട്ടാമറ്റ സർക്കിൾ ഇൻസ്പെക്ടർ പവൻ കിഷോർ അറിയിച്ചു. കൊല്ലപ്പെട്ട സായ് കുമാറിന് ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button