കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ അക്രമി സംഘവും യുവാക്കളും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലും കലാശിച്ചത്.ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.സംഭവമറിഞ്ഞയുടൻ കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തിയിരുന്നു. അതിനിടെ നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായതെന്നും ഇയാളെ നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ബാക്കിയുള്ള അക്രമികളെ കുറിച്ചുള്ള കൃത്യമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button