കുതിച്ചുകയറി ഇൻസ്റ്റ ഫോളോവേഴ്സ്; സോണിയ ഗാന്ധി ഫോളോ ചെയ്യുന്നത് മൂന്ന് പേരെ മാത്രം
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം കുതിച്ചുകയറി സോണിയ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം. രാവിലെ 1500 പേര് മാത്രമായിരുന്നു ഫോളോവേഴ്സെങ്കില് ഉച്ചക്ക് രണ്ട് മണിയോടെ ഇത് 38.2 kയിലേക്ക് കുതിച്ചു. ജെന്‍സികള്‍ക്ക് ഏറെ പ്രിയപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് രാവിലെയോടെയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി അക്കൗണ്ട് തുറന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിര്‍ണായകമാകുന്ന പശ്ചാത്തലത്തിലാണ് സോണിയ ഇന്സ്റ്റഗ്രാമിലെത്തിയതെന്നതാണ് ശ്രദ്ധേയം. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്മപ്പുസ്തകമായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ ആണ് 79കാരിയായ സോണിയയുടെ ആദ്യ പോസ്റ്റ്. പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ റീലായി ഇട്ടിട്ടുണ്ട്. ‘എല്ലാവര്ക്കും നമസ്കാരം, ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. സ്നേഹം, ചുമതല, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. പുസ്തകം നിങ്ങളുമായി പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ്.’ -സോണിയ പറഞ്ഞു. ഏതാനും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന നവംബറിലാണ് പുസ്തകം പുറത്തിറങ്ങുക. നിലവില്‍ മൂന്ന് അക്കൗണ്ടുകളെ മാത്രമാണ് സോണിയ ഫോളോ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട്, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അക്കൗണ്ട് എന്നിവയാണ് സോണിയ ഫോളോ ചെയ്തിരിക്കുന്നത്.





